അടുത്തിടെയാണ് ബിജെപി വിട്ട് കൂടുമാറി നടൻ ഭീമൻ രഘു സിപിഎമ്മിൽ അംഗത്വം എടുത്തത്. ബിജെപി തനിക്ക് അവസരം നൽകിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സിപിഎമ്മിനൊപ്പം ചേർന്നതിന് പിന്നാലെ പാർട്ടിയെയും മുഖ്യമന്ത്രിയെയും പുകഴ്‌ത്തുന്ന തിരക്കിലാണ് താരം. കലാകാരന്മാരെ കൂടുതൽ സ്‌നേഹിക്കുന്ന പാർട്ടി സിപിഎം ആണെന്നാണ് ഭീമൻ രഘു പറയുന്നത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ അവകാശവാദം.
‘കലാകാരന്മാരെ കൂടുതൽ സ്‌നേഹിക്കുന്ന പാർട്ടിയാണ് സിപിഎം. അവർ എനിക്ക് എന്തും തരാം. എത്രയോ കലാകാരന്മാർക്ക് അവർ നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. നല്ല കാര്യങ്ങൾ പാർട്ടി ചെയ്തു തരുമെന്ന വിശ്വാസമുണ്ട്. സിപിഎമ്മിലേയ്‌ക്ക് വരിക എന്ന എന്റെ തീരുമാനം ശക്തമായ കാലു വെയ്പ്പാണ്. ഇത് സത്യമാണ്. സിപിഎമ്മിൽ എനിക്ക് പ്രവർത്തിക്കണം. പിറകിൽ ഒരാളുണ്ടെങ്കിൽ ഒരു സുഖമാണ്’.
‘പാർട്ടി പറഞ്ഞാൽ ഇലക്ഷന് നിൽക്കും. എന്നാൽ, എനിക്കായിട്ട് ഒരാഗ്രഹവുമില്ല. സിപിഎമ്മിന് ഒരുപാട് രീതികളുണ്ട്. എനിക്ക് ബിജെപിയിൽ ഒരു സ്ഥാനം തന്നിട്ടില്ല. ഒന്നും നമുക്ക് കിട്ടിയിട്ടില്ല. സിപിഎമ്മിൽ അങ്ങനെയല്ല. സിപിഎം നമ്മളെ പഠിക്കും’- എന്ന് ഭീമൻ രഘു പറഞ്ഞു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി നടൻ പറഞ്ഞ വാക്കുകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
‘പിണറായി വിജയൻ സഖാവിനെ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തെപ്പറ്റി എന്തൊക്കെയാണ് ആൾക്കാർ പറയുന്നത്. അത് കയ്യിട്ട് വാരി, ഇത് കയ്യിട്ട് വാരി എന്നൊക്കെയാണ് പറയുന്നത്. ഞാൻ ഒരുകാര്യം ചോദിക്കട്ടെ, ചക്കരക്കുടത്തിൽ കയ്യിട്ട് വാരിയാൽ നക്കാത്തവരായി ആരാണുള്ളത്. ആരായാലും നക്കും. അതൊക്കെ ലോകത്ത് നടക്കുന്നതാണ്. അങ്ങനെ മാത്രം വിചാരിച്ചാൽ മതി. രാഷ്‌ട്രീയത്തിൽ തുടർന്നു പോകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’- എന്നാണ് ഭീമൻ രഘു പറഞ്ഞത്.
Comments