ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ പുരാവസ്തുക്കൾ തിരികെ നൽകിയ അമേരിക്കയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി. ഇന്ത്യയിൽ നിന്ന് കാലങ്ങൾക്ക് മുൻപ് കടത്തിയ പുരാവസ്തുക്കളാണ് തിരികെ എത്തിക്കുന്നത്. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സ്റ്റേറ്റ് സന്ദർശനത്തിന് ശേഷമാണ് പുരാവസ്തുക്കൾ തിരികെ എത്തുന്നത്. യുഎസിലേക്ക് കടത്തിയ 105 പുരാവസ്തുക്കൾ യുഎസ് സർക്കാർ തിരികെ നൽകിയെന്നും ഇത് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കുമെന്നും ഇതിന് അമേരിക്കയോട് നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അമൂല്യമായ ഈ പുരാവസ്തുക്കൾ സാംസ്‌കാരിക പ്രാധാന്യമുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ പൈതൃകവും സമ്പന്നമായ ചരിത്രവും സംരക്ഷിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് അവയുടെ തിരിച്ചുവരവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
യുഎസിലേക്ക് കടത്തിയ 105 പുരാവസ്തുക്കൾ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന് കൈമാറിയിരുന്നു. ഇത് ഉടൻ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും കോൺസുലേറ്റ് ജനറൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രധാനമന്ത്രി മോദിയുടെ സംസ്ഥാന സന്ദർശന വേളയിൽ, പുരാവസ്തുക്കളുടെ അനധികൃത കടത്ത് തടയാൻ സഹായിക്കുന്ന സാംസ്‌കാരിക സ്വത്ത് കരാറിന് ഇന്ത്യയും യുഎസും പരസ്പരം സമ്മതിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ 105 പുരാവസ്തുക്കൾ തിരികെയെത്തുന്നത്. കിഴക്കേന്ത്യയിൽ നിന്നും 47, ദക്ഷിണേന്ത്യയിൽ നിന്നും 27, മദ്ധ്യേന്ത്യയിൽ നിന്നും 22, വടക്കേന്ത്യയിൽ നിന്നും 6, പടിഞ്ഞാറൻ ഇന്ത്യയിൽ നിന്നും 3 എന്നിങ്ങനെയണ് തിരകെയെത്തിക്കുന്ന പുരാവസ്തുകളുടെ എണ്ണം.
ഹിന്ദു, ജൈന, ഇസ്ലാം തുടങ്ങിയ മതങ്ങളിൽ നിന്നുള്ളവയാണ് എത്തുന്ന പുരാവസ്തുക്കൾ. ക്രിസ്തുവർഷം 23-ാം നൂറ്റാണ്ട് മുതലുള്ള ഇന്ത്യൻ സാംസ്‌കാരത്തിന് പ്രാധാന്യമുള്ള പുരാവസ്തുക്കളാണ് തിരികെയെത്തുന്നത്. ഇവ സമ്പന്നമായ ഭാരതീയ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും ജീവിക്കുന്ന പ്രതീകങ്ങളാണ്. മോഷ്ടിക്കപ്പെട്ട ഇന്ത്യൻ പുരാവസ്തുക്കൾ വിദേശത്ത് നിന്ന് തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ഗൗരവമായ ശ്രമങ്ങൾ നടത്തിവരികയാണ്. സമീപ വർഷങ്ങളിൽ, പുരാവസ്തുക്കൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയും യുഎസും തമ്മിൽ സഹകരണശ്രമങ്ങളുണ്ട്. 2016-ലെ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ 16 പുരാവസ്തുക്കൾ യുഎസ് കൈമാറി. അതുപോലെ, 2021 സെപ്റ്റംബറിൽ പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തെത്തുടർന്ന് ഇന്ത്യയിലേക്ക് 157 പുരാവസ്തുക്കൾ 2021-ൽ യുഎസ് ഗവൺമെന്റ് കൈമാറിയിരുന്നു.
Comments