കണ്ണൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച യുവാവിനെ പിടികൂടി പോലീസ്. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെയാണ് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. റോഡാണെന്ന് കരുതിയാണ് ഇയാൾ റെയിൽവേ ട്രാക്കിലൂടെ വാഹനം ഓടിച്ചതെന്നാണ് ജയപ്രകാശ് പോലീസിനോട് പറഞ്ഞത്.
താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപത്തുള്ള ട്രാക്കിലൂടെ 15 മീറ്ററോളമാണ് ഇയാൾ കാറോടിച്ചത്. കാർ പാളത്തിൽ കുടുങ്ങിയതോടെ ഓഫാകുകയും ചെയ്തു. തുടർന്ന് സംഭവം കണ്ട ഗേറ്റ് കീപ്പറാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസെത്തിയാണ് ട്രാക്കിൽ നിന്നും കാർ മാറ്റിയത്. പ്രതിയ്ക്കെതിരെ റെയിൽവേ ആക്ട് പ്രകാരവും മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ജയപ്രകാശിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും കാർ വിട്ട് നൽകിയിട്ടില്ല. വാഹനം പോലീസ് കോടതിയിൽ ഹാജരാക്കും
Comments