കാസർകോട്: കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഡ്വ. സി.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഷുക്കൂർ വ്യാജ രേഖ നിർമ്മിച്ചതായി കാണിച്ച് കളനാട് കട്ടക്കാൽ സ്വദേശി എസ്.കെ.മുഹമ്മദ് കുഞ്ഞി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സംഭവം വാർത്തയായതോടെ കേസിൽ താൻ നിരപരാധിയാണെന്നുള്ള വാദവുമായി രംഗത്തു വന്നിരിക്കുകയാണ് നടനും അഭിഭാഷകനുമായ സി.ഷുക്കൂർ.
ഒരു വ്യാജ രേഖയും ചമച്ചിട്ടില്ല. 2013 വർഷം നോട്ടറി പബ്ലിക് എന്ന നിലയിൽ ഒരു സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി കൊടുത്തു എന്നാണ് ആരോപണം. CrPC പ്രകാരം ബഹുമാനപ്പെട്ട മജിസ്ട്രറ്റ് അന്വേഷണം ആവശ്യമാണെന്ന നിലയിൽ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് കോടതി മുമ്പാകെ ലഭിച്ച ഹർജി അയച്ചു നൽകിയതാണ്. ആളുടെ അസാന്നിധ്യത്തിൽ ഒരു ഡോക്യുമെന്റും ഞാൻ സാക്ഷ്യപ്പെടുത്തി നൽകിയിട്ടില്ല. ആ രീതി ഒരു കാലത്തും സ്വീകരിച്ചിട്ടില്ല.
ഈ പരാതി ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിലെ പ്രതി പട്ടികയിലുള്ള ഒരാളുടേതാണ്. അയാൾ മുഖ്യ പ്രതിയെ ഒഴിവാക്കിയാണ് പരാതി നൽകിയത്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ അവരോടൊപ്പം നിന്ന ഒരാളാണ് ഞാൻ. ഇനിയും നീതിയുടെ പക്ഷത്ത് തന്നെ ഉണ്ടാകും. രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് അന്വേഷണം നടത്തട്ടെ. നിയമത്തിന്റെ വഴിയിലൂടെ ഞാനും നടക്കും, സത്യം പുറത്തു വരും എന്നാണ് ഷുക്കൂർ പ്രതികരിച്ചിരിക്കുന്നത്.
Comments