യാത്രകളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. വ്യത്യാസ്തയാർന്നതും മനം നിറയ്‌ക്കുന്നതുമായ യാത്രകളോടാകും എല്ലാവർക്കും പ്രിയം. കരിങ്കല്ലുകൾ പാകി മനോഹരമാക്കിയ നടപ്പാത, അതിന് ഇടയ്‌ക്ക് കല്ലിൽ കൊത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങൾ, പാതയുടെ ഇരുവശവും തണൽ വിരിച്ച് നിൽക്കുന്ന മരങ്ങൾ, പച്ചപ്പിനെ ആശ്ലേഷിക്കുന്ന സൂര്യൻ, പാറക്കൂട്ടങ്ങൾക്ക് മുകളിൽ തികഞ്ഞ നിശബ്ദതയിൽ ഒരു ക്ഷേത്രം..! എത്ര മനോഹരമാകും ആ കാഴ്ചകൾ. അതേ ചരിത്രവും പ്രകൃതി ഭംഗിയും ഇഷ്ടപ്പെടുന്നവർക്കായി മികച്ചൊരിടം നമ്മുടെ കേരളത്തിൽ തന്നെയുണ്ട്. തമിഴനും കേരളീയനും മിക്ക വിനോദയാത്രകളിലും ഉൾപ്പെടുത്തുന്ന കന്യാകുമാരിയ്‌ക്കടുത്താണ് പ്രശസ്തമായ ക്ഷേത്രമായ ചിതറാൽ ജൈനക്ഷേത്രം.

തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ചിതറാലിന് പറയാൻ ഒരുപാട് ചരിത്രമുണ്ട്. ഒൻപതാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ജൈന ക്ഷേത്രമാണ് ഇത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം. തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രനാമം. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഇവിടം 1956-ൽ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ വിഭജിച്ചപ്പോൾ ചിതറാൽ തമിഴ്‌നാടിന്റെ ഭാഗമായി തീർന്നു. എന്നിരുന്നാലും ഇവിടം സന്ദർശിക്കാൻ കേരളത്തിൽ നിന്ന് നിരവധി പേരാണ് എത്തുന്നത്.
മലയിറങ്ങി വേണം ചരിത്രമുറങ്ങുന്ന ഈ ക്ഷേത്രത്തിലെത്താൻ. പ്രധാന കവാടത്തിൽ നിന്ന് ഒന്നര കിലോമീറ്ററോളം നടക്കണം. കുത്തനെയുള്ള കയറ്റിറക്കങ്ങൾ സഞ്ചാരികൾക്ക് നവ്യാനുഭവം പകരുന്നു. മലയുടെ മുകളിലെത്തുമ്പോൾ തണലേകാൻ ആൽമരവുമുണ്ട്. കൽപ്പടവുകൾ ഇറങ്ങി ചെല്ലുമ്പോൾ തന്നെ ക്ഷേത്രത്തിന്റെ മുകൾ ഭാഗം കാണാവുന്നതാണ്. പദ്മാസനത്തിലിരിക്കുന്ന മഹാവീര തീർത്ഥങ്കരന്റെ ശിൽപമാണ് അതിൽ പ്രധാനം. ധ്യാനത്തിലിരിക്കുന്ന ബുദ്ധന്റെ വിവിധ രൂപങ്ങളും ഇതിന് സമീപത്തായുണ്ട്. തുടർന്ന് പടികെട്ടുകൾ കയറി ചെന്നാൽ പൂർണമായും കരിങ്കലിൽ നിർമ്മിച്ച ക്ഷേത്രത്തിലെത്തും.

ക്ഷേത്രത്തിനുള്ളിൽ ഗുഹയ്‌ക്ക് സമാനമായ രീതിയിൽ മൂന്ന് നിർമിതികൾ പരസ്പരം ചേർന്നിരിക്കുന്നു. മധ്യത്തിലുള്ള നിർമിതിയെ ഭഗവതി മന്ദിരമെന്ന് വിളിക്കുന്നു. ക്ഷേത്രത്തിനു താഴെയായി കൽപ്പടവുകൾ ഇറങ്ങിയെത്തുന്നത് പാറക്കൂട്ടങ്ങൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന കുളത്തിലാണ്. ക്ഷേത്രക്കുളമായി ഉപയോഗിക്കുന്ന ഈ കുളത്തിന് സമീപമുള്ള പാറയിൽ കാൽപ്പാദങ്ങളും പാദസ്വരങ്ങളും പതിഞ്ഞ പാടുകൾ കാണാം. രാമൻ ഉപേക്ഷിച്ച ശേഷം ഇവിടെയെത്തിയ സീതാദേവിയുടെ കാൽപ്പാടുകളാണിവയെന്ന് പറയപ്പെടുന്നു.

രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സന്ദർശകർക്ക് പ്രവേശനാനുമതി. ക്ഷേത്രനട 4.30-ന് അടയ്‌ക്കും. പ്രദേശവാസികൾ ക്ഷേത്രത്തെ ‘മലൈ കോവിൽ’ എന്നാണ് വിളിക്കുന്നത്. തിരുവനന്തപുരത്തെ പാറശാലയ്‌ക്കപ്പുറം, തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന കളിയിക്കാവിളയിലെത്തുക. ഇവിടെ നിന്ന് കുഴിത്തറ ജംഗ്ഷനിൽ നിന്ന് ഇടത്തേക്കുള്ള വഴിയിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ പ്രശസ്തമായ ചിതറാൽ ജൈനക്ഷേത്രത്തിലെത്താവുന്നതാണ്.















