ബെംഗളുരു; ടെക് സിറ്റിയെ നടുക്കിയ തക്കാളി കവർച്ചയിലെ പ്രതികളെ പിടികൂടി. തമിഴ്‌നാട് സ്വദേശികളായ ഭാസ്‌കർ(28), സിന്ദുജ(26) എന്നിവരാണ് പിടിയിലായത്. കവർന്ന മിനി ട്രക്കിലുണ്ടായിരുന്ന 210 ട്രേ തക്കാളി ഒന്നരലക്ഷം രൂപയ്‌ക്കാണിവർ വിറ്റത്. ഇരുവരും ഹൈവേ കവർച്ചാ സംഘങ്ങളിലെ പ്രധാന കണ്ണികളെന്നാണ് വിവരം. ആഢംബര ജീവിതത്തിനും ദൂർത്തിനും വേണ്ടിയാണ് കവർച്ച.
ജൂലൈ എട്ടിന് തക്കാളിയുമായി കോലാറിലേക്ക് പോകുന്നതിനിടെയാണ് ചിത്രദുർഗ സ്വദേശിയായ മല്ലേഷ് എന്ന ശിവണ്ണയുടെ ട്രക്ക് ദമ്പതികളടങ്ങുന്ന സംഘം തട്ടിയെടുക്കുന്നത്. ചിക്കജാലയിൽ വച്ചായിരുന്നു സംഭവം. ദമ്പതികളുടെ കാറുമായി കൂട്ടിയിടിച്ചെന്ന് കാട്ടി ഇവർ 50,000 നഷ്ടപരിഹാരം ആവശ്യപ്പെട്ടു. മല്ലേഷ് ഇത് നിരസിച്ചതോടെ പ്രതികൾ ആക്രമണം അഴിച്ചുവിട്ടു. മല്ലേഷിനെ ട്രക്കിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ട ശേഷം ട്രക്കുമായി കടക്കുകയായിരുന്നു. തുടർന്ന് മല്ലേഷ് ആർ.എം.സി യാർഡ് പോലീസിൽ പരാതി നൽകി.
പോലീസ് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ട്രക്കുമായി പ്രതികൾ തമിഴ്‌നാട്ടിലെ വാണിയമ്പാടി പ്രദേശത്തേക്ക് കടന്നതായി കണ്ടെത്തി. 200ലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഇവർ നേരത്തെ തന്നെ കാറിന്റെ നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തിയിരുന്നതായും കണ്ടെത്തി. അതേസമയം ഇവർ കവർന്ന ട്രക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റുന്ന കാര്യം മറന്നുപോയതായും പോലീസ് സ്ഥിരീകരിച്ചു.
Comments