കൊളംബോ: ശ്രീലങ്കൻ ബാറ്റർ ലഹിരു തിരിമന്നെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഫേസ്ബുക്കിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയത്. ശ്രീലങ്കയ്‌ക്ക് വേണ്ടി 44 ടെസ്റ്റുകളും 127 ഏകദിനവും 26 ടി20കളും കളിച്ച താരം നീണ്ട 13വർഷത്തെ കരിയറിനാണ് അടിവരയിടുന്നത്. മിർപൂരിൽ നടന്ന ത്രിരാഷ്‌ട്ര പരമ്പരയിലൂടെ ഇന്ത്യയ്‌ക്കെതിരെ കളിച്ചാണ് രാജ്യാന്തര കരിയറിന് തിരിമന്നെ തുടക്കമിടുന്നത്. അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിക്കെതിരെയാണ് താരത്തിന്റെ ആദ്യ സെഞ്ച്വറി.
ടെസ്റ്റിൽ 2088 ഉം, ഏകദിനത്തിൽ 3194 ഉം, രാജ്യാന്തര ടി20യിൽ 291 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിൽ ഏഴ് സെഞ്ചുറികളാണ് തിരിമന്നെയുടെ പേരിലുള്ളത്. ‘താരമെന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം ഞാൻ പുറത്തെടുക്കാൻ പരിശ്രമിച്ചു. ഏറ്റവും ഗംഭീര പരിശ്രമം നടത്തി. സ്വന്തം മണ്ണിനായി നീതിപൂർവം കർത്തവ്യം പൂർത്തിയാക്കി.
വിരമിക്കാനുള്ള തീരുമാനം ഏറെ സങ്കടകരമാണ്. പല കാരണങ്ങളും ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനും പരിശീലകർക്കും സഹതാരങ്ങൾക്കും ഫിസിയോമാർക്കും ട്രെയിനർമാർക്കും അനലിസ്റ്റുകൾക്കും എല്ലാ പിന്തുണയ്‌ക്കും പ്രചോദനത്തിനും നന്ദി പറയാൻ ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്’ എന്നുമാണ് ലഹിരു തിരിമന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ലങ്കയുടെ ഏഷ്യാ കപ്പ് വിജയത്തിൽ ഉയർന്ന റൺവേട്ടക്കാരനായ താരം ടി20 ലോകകപ്പ് നേടിയ ടീമിലംഗമായിരുന്നു. 2015ൽ ലോകകപ്പ് സെഞ്ചുറിയടക്കം 861 റൺസ് നേടിയതാണ് കരിയറിലെ ഏറ്റവും മികച്ച വർഷം. കഴിഞ്ഞ വർഷത്തോടെ ടെസ്റ്റ് ടീമിൽ നിന്ന് താരം പുറത്തായിരുന്നു. അവസാന ഏകദിനം കളിച്ചത് 2019ലും ടി20ൽ ഇറങ്ങിയത് 2016ലുമാണ്.
Comments