ബെംഗളൂരു: സഹപാഠികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ. കർണാടകയിലെ നേത്ര ജ്യോതി കോളേജിലെ വിദ്യാർത്ഥിനികളെയാണ് സസ്‌പെൻഡ് ചെയ്തത്. മറ്റ് വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി റെസ്റ്റ് റൂമിൽ മൊബൈൽ ക്യാമറ വെച്ചതിനാണ് മൂവർക്കെതിരെയും കോളേജ് അധികൃതർ നടപടിയെടുത്തത്.
തന്റെ ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വിവരമറിഞ്ഞ പെൺകുട്ടി സുഹൃത്തുക്കളെ ഇക്കാര്യം അറിയിച്ചു. തുടർന്ന് ഇവരാണ് വിഷയം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നായിരുന്നു നടപടി. കോളേജിൽ മൊബൈൽ ഫോണിന് വിലക്കുണ്ടെന്നും ഇത് ധിക്കരിച്ച് മൊബൈൽ ഫോൺ കൊണ്ടുവന്നതിനും വീഡിയോ ചിത്രീകരിച്ചതിനുമാണ് വിദ്യാർത്ഥിനികളെ പുറത്താക്കിയതെന്ന് കോളേജ് ഡയറക്ടർ വ്യക്തമാക്കി.
ലക്ഷ്യമിട്ടത് മറ്റ് പെൺകുട്ടികളെയാണെന്നും പരാതിക്കാരിയുടെ വീഡിയോ അറിയാതെ ചിത്രീകരിച്ചതാണെന്നുമാണ് മൂവർ സംഘം നൽകിയ വിശദീകരണം. വീഡിയോ പരാതി ഉന്നയിച്ച വിദ്യാർത്ഥിയുടെ മുൻപിൽ വെച്ച് തന്നെ നീക്കം ചെയ്തതായും ഡയറക്ടർ പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാൻ വിമുഖത കാണിച്ച സാഹചര്യത്തിൽ കോളേജ് തന്നെ പരാതി നൽകിയതായും കോളേജ് അറിയിച്ചു.
Comments