കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി കുവൈറ്റിലേക്ക് സ്ത്രീകളെ കടത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് ഹനീബ പോലീസ് പിടിയിൽ. 2022 ജൂലൈ 17 നാണ് വിദേശത്തേക്ക് കടത്താൻ ഏഴ് യുവതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
30-നും 40-നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളെ വീട്ട് ജോലിക്കെന്ന വ്യാജേനയാണ് ഹനീബ കുവൈത്തിൽ എത്തിച്ചിരുന്നത്. തമിഴ്‌നാട്ടിലെ ഉൾഗ്രാമത്തിൽ നിന്നുള്ള ദരിദ്ര കുടുംബത്തിലെ നിരക്ഷരരായ സ്ത്രീകളെ കണ്ടെത്തി അവർക്ക് സൗജന്യമായ പാസ്‌പോർട്ട്, വിസ, ടിക്കറ്റ്, മെഡിക്കൽ സൗകര്യം എന്നിവ തരപ്പെടുത്തി നൽകി ദുബായിലെത്തിക്കുകയും തുടർന്ന് കുവൈറ്റ് വിസയടിച്ച പേജ് പാസ്‌പോർട്ടിൽ തുന്നിച്ചേർത്ത് കുവൈറ്റിലേയ്‌ക്ക് കടത്താനുമായിരുന്നു പ്രതിയുടെ ലക്ഷ്യം. വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകൾക്ക് കുവൈറ്റിൽ നേരിട്ടെത്താൻ വെല്ലുവിളികൾ ഏറെയായതിനാൽ ഈ തന്ത്രം മുതലാക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു. സ്ത്രീകളെ കുവൈറ്റിൽ എത്തിച്ച ശേഷം അവിടത്തെ ഏജൻറിന് കൈമാറുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു.
Comments