പത്തനംതിട്ട: കലഞ്ഞൂരിലെ നൗഷാദിന്റെ കൊലപാതകത്തിൽ ഭാര്യ അഫ്‌സാന അറസ്റ്റിൽ. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നര വർഷം മുൻപാണ് നൗഷാദിനെ കാണാതാകുന്നത്. ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.
മകനെ കാണാനില്ലെന്ന പരാതിയുമായി പിതാവാണ് പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അഫ്‌സാനയുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയതിന് പിന്നാലെ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിൽ വഴിത്തിരിവായത്.
ഒരു മാസം മുൻപ് ഭാര്യ അഫ്‌സാനയെ ചോദ്യം ചെയ്തപ്പോൾ നൗഷാദിനെ അടുത്തിടെ നേരിട്ട് കണ്ടെന്നാണ് മൊഴി നൽകിയത്. തുടർന്ന് അഫ്‌സാന പറഞ്ഞ സ്ഥലത്ത് പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവെന്നും ലഭിച്ചില്ല. ഇതോടെയാണ് അഫ്‌സാനയെ വിശദമായി വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്. അതിനിടെ, നൗഷാദിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്നും ഭാര്യ പറയുന്നുണ്ട്. പരസ്പര വിരുദ്ധമായ ഇവരുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
പരുത്തിപ്പാറയിൽ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും അവസാനമായി താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ സ്വരചേർച്ചയില്ലായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. 2021 നവംബർ അഞ്ചാം തീയതി മുതൽ യുവാവിനെ കാണാനില്ലെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. തുടർന്ന് കൂടൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നൗഷാദിനെ കണ്ടെത്താനായി വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലംകണ്ടില്ല. അതേസമയം പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.
Comments