ഹാലാസ്യനാഥനായ ശിവഭഗവാന്‍ നവര്തനങ്ങള്‍ വിറ്റ ലീലയാണ് ഇതിലെ പ്രതിപാദ്യം. ഉഗ്രപാണ്ഡ്യന്റെ പുത്രനായ വീരപാണ്ഡ്യന്‍ ശത്രുക്കളെയെല്ലാം കീഴടക്കി ശ്രദ്ധയോടു കൂടി രാജ്യം പരിപാലിച്ചു. പുത്രസൗഭാഗ്യം ലഭിക്കാത്തതില്‍ ദു:ഖിതനായ അദ്ദേഹം രാജ്യവകാശിയായ ഒരു പുത്രനുണ്ടാകുവാന്‍ പല വ്രതങ്ങളും അനുഷ്ഠിച്ചു. സോമേശ്വര ഭഗവാനെയും മീനാക്ഷിദേവിയും വ്രത നിഷ്ടയോട് കൂടി ഉപാസിച്ചു. ജഗദ് പിതാക്കളുടെ അനുഗ്രഹത്താല്‍ അദ്ദേഹത്തിന് ഒരു പുത്രന്‍ ഉണ്ടായി. പുത്രന് അഞ്ചുവയസ്സുള്ളപ്പോള്‍ രാജാവ് നായാട്ടിനായി വനത്തില്‍ പോയി. അവിടെ വച്ചു ഒരു വ്യഘ്രം (പുലി) അദ്ദേഹത്തെ ആക്രമിച്ച് വധിച്ചു. ആ അവസരം നോക്കി ദുര്‍ബുദ്ധികള്‍ രാജ്യത്തെ ധനം അപഹരിച്ചു.
മന്ത്രിമാര്‍ ബാലനായ രാജപുത്രനെ രഹസ്യമായി പരിപാലിച്ചു. കുമാരനെ രാജാവായി അഭിഷേകം ചെയ്യുവാന്‍ അവര്‍ ആലോചിച്ചു. പുതിയ കിരീടം ഉണ്ടാക്കുവാന്‍ കോശഗൃഹത്തില്‍ ( ഭണ്ഡാരത്തില്‍ ) നോക്കിയപ്പോള്‍ അവിടെ യാതൊന്നും ഉണ്ടായിരുന്നില്ല. സ്വര്‍ണ്ണവും രത്‌നവും എല്ലാം അപഹരിക്കപ്പെട്ടു കഴിഞ്ഞു.കിരീടം ഉണ്ടാക്കുവാന്‍ ലക്ഷണമുള്ള രത്‌നം വേണം. ലക്ഷണമില്ലാത്ത രത്‌നം കൊണ്ട് കിരീടം ഉണ്ടാക്കിയാല്‍ അത് ധരിക്കുന്ന രാജാവിന് ദോഷഫലങ്ങള്‍ ഉണ്ടാകുമെന്നാണ് ജ്ഞാനികളുടെ അഭിപ്രായം. ലക്ഷണമുള്ള രത്‌നം ഭൂമിയില്‍ ലഭിക്കുവാനും പ്രയാസമാണ്.രാജ്യത്തിന് രാജാവില്ലെങ്കില്‍ ശത്രുക്കള്‍ ആക്രമണം നടത്തും സുന്ദരേശാനുഗ്രഹത്താല്‍ രാജ്യവകാശിയായി ഒരു കുമാരന്‍ ജനിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ചിന്തകളാല്‍ അസ്വസ്ഥരായ മന്ത്രിമാര്‍ സുന്ദരേശാനുഗ്രഹത്തിനായി ബാലനേയും കൊണ്ട് ഭഗവദ് സന്നിധിയില്‍ എത്തി.രാജകുമാരനെ കൊണ്ട് പ്രണമിപ്പിക്കുകയും സ്തുതിപ്പിക്കുകയും ചെയ്തു.ഭക്ത വത്സലനായ സുന്ദരേശ്വ ഭഗവാന്‍ മിന്നുന്ന രത്‌നാഭരണം ധരിച്ച് സുന്ദരനായ വൈശ്യന്റെ രൂപത്തില്‍ പ്രത്യഷപ്പെട്ടു.അദ്ദേഹത്തിന്റെ തോളില്‍ നവരത്‌നങ്ങള്‍ ഉള്ള ഒരു സഞ്ചിയും ഉണ്ടായിരുന്നു.ചിന്താമഗ്നരായിരിക്കുന്ന മന്ത്രിമാരോട് ചിന്തയ്‌ക്കും ദുഖത്തിനും കാരണം അന്വേഷിച്ചു.കാര്യങ്ങള്‍ വിശദമായി കേട്ടപ്പോള്‍ രത്‌നങ്ങള്‍ നല്‍കണമെന്ന് മന്ത്രിമാര്‍ പറഞ്ഞു.തന്റെ ഭാണ്ഡത്തിലുള്ള രത്‌നങ്ങള്‍ ഓരോന്നായി എടുത്ത് അതിന്റെ ലഷണങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ചു. അതിനുശേഷം രത്‌നങ്ങളുടെ ഉത്ഭവുമായി ബന്ധപ്പെട്ട വലന്‍ എന്ന അസുരന്റെ കഥ പറഞ്ഞു.
ബാല്യകാലത്തില്‍ തന്നെ ശിവഭക്തി ഉണ്ടായിരുന്ന ഒരു അസുരനായിരുന്നു വലന്‍. ഗുരുവായ ശുക്രാചാര്യരുടെ ഉപദേശമനുസരിച്ച് കൈലാസത്തില്‍ ചെന്ന് ശിവരാധാന നടത്തി. ഗന്ധപുഷ്പാദികള്‍ കൊണ്ട് മഹേശ്വരനെ പൂജിച്ചു. ശിവധ്യാനത്തിലും ശിവചിന്തയിലും മുഴുകി അതികഠിനമായ തപസനുഷ്ടിച്ചു.ഈശ്വര ചിന്തയില്‍ തന്നെ മുഴുകിയിരുന്ന വലാസുരന്റെ ശരീരത്തില്‍ പുറ്റുകള്‍ കൂടി .കിളികള്‍ കൂടുകെട്ടി.കൂറ്റിയില്‍ പറ്റിപിടിക്കുന്നതുപോലെ ലതകള്‍ ശരീരത്തില്‍ പറ്റി പിടിച്ചു.തപസ്സില്‍ മുഴുകിയിരുന്ന ഈശ്വരന്‍ ഇതൊന്നും അറിഞ്ഞില്ല.ശിവഭഗവാന്‍ ദേവിയൊടൊപ്പം കാളപ്പുറത്ത് കയറി പ്രത്യക്ഷപ്പെട്ടു.പ്രസന്നരായ ഭഗവാന്‍ വരം നല്‍കാന്‍ തയ്യാറായി.വലാസുരന്‍ രണ്ട് വരങ്ങള്‍ ആവശ്യപ്പെട്ടു’യുദ്ധത്തില്‍ ശത്രുക്കള്‍ വധിക്കരുത് എന്നുള്ളതായിരുന്നു ഒരു വരം.മറ്റൊന്ന് ശരീരത്തിലുള്ള ധാതുക്കള്‍ രത്‌നങ്ങളായി ഭവിക്കണം. ‘ ഈ രണ്ട് വരങ്ങളും നല്‍കിയ ശേഷം ജഗദ് പിതാക്കള്‍ അപ്രത്യക്ഷരായി.
വരലബ്‌ധിയെ തുടര്‍ന്ന് വലാസുരന്‍ ഭൂമി മുഴുവന്‍ കീഴടക്കി.ദേവലോകത്തേയും ആക്രമിച്ച് സ്വന്തം അധീനതയിലാക്കി.ഇന്ദ്രന്‍ വലാസുരനെ നിഗ്രഹിക്കുവാനുള്ള മാര്‍ഗം ആലോചിച്ചു.ഗത്യന്തരമില്ലാതെ ദേവന്മാര്‍ അസുരന് കീഴടങ്ങി.വലാസുരന്റെ യുദ്ധനൈപുണ്യത്തെ പ്രശംസിക്കുകയും വരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.അഭീഷ്ഠവരങ്ങള്‍ നല്‍കാന്‍ തനിക്കും കഴിയുമെന്ന് അസുരന്‍ അറിയിച്ചു.അപ്പോള്‍ ഇന്ദ്രാദി ദേവന്മാര്‍ യാഗപശുവായി ഭവിക്കണമെന്ന വരം ആവശ്യപ്പെട്ടു.ഇത് അസുരന് സന്തോഷം നല്‍കി .അനിത്യമായ ശരീരത്തിന് കീര്‍ത്തി ഉണ്ടാകുന്ന വരമാണ് ഇതെന്ന് ചിന്തയാണ് അതിന് കാരണം. യാഗത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകൊള്ളുവാന്‍ പറഞ്ഞു.അനന്തരം സ്വന്തം രാജ്യം പുത്രനെ ഏല്പിച്ചതിനു ശേക്ഷം കൈലാസത്തില്‍ ദേവന്മാര്‍ അനുഷ്ഠിക്കുന്ന യാഗത്തില്‍ പശുവാക്കാന്‍ പോയി.പശുവായി ഭവിക്കാന്‍ പോകുന്ന തന്നെ കെട്ടുവാനുള്ള കയര്‍ കൊണ്ടുവരണമെന്ന് അസുരന്‍ ധൈര്യപൂര്‍വ്വം ആവശ്യപ്പെട്ടു.അപ്പോള്‍ ദേവന്മാര്‍ ഇങ്ങനെ പറഞ്ഞു ‘ ദാനവശ്രേഷ്ഠാ നിനക്ക് തുല്യനായി മറ്റാരും ഇല്ല നീ സത്യവ്രതന്‍ തന്നെയാണ് ‘ തുടര്‍ന്ന് യാഗം ആരംഭിച്ചു.യാഗം നടത്തുന്നത് ദേവേന്ദ്രനും ഋത്വിക്കുകളായി വന്നത് സപ്തര്‍ഷികളും ആണ്.(ഋത്വിക്കുകള്‍ യാഗത്തില്‍ ക്രിയ ചെയ്യുന്ന ആചാര്യന്മാര്‍).മറ്റ് താപസന്മാര്‍ വേദങ്ങളില്‍ പറഞ്ഞിട്ടുള്ള കര്‍മ്മങ്ങള്‍ ഒന്നുപോലും മാറ്റിവയ്‌ക്കാതെ ചെയ്യാന്‍ തുടങ്ങി.
വലാസുരനെ യജ്ഞസ്തംഭത്തില്‍ ബന്ധിക്കുന്നതിന് മുന്‍പ് ദേവന്മാര്‍ പശുപതിയായ രുദ്രനെ സ്മരിച്ചു.അഷ്ടമൂര്‍ത്തിയായ ഭഗവാന്‍ പ്രത്യഷപ്പെടുകയും അസുരനെ ബന്ധിപ്പിക്കുന്നതിനുള്ള അനുവാദം നല്‍കുകയും ചെയ്തു.ദര്‍ഭ കൊണ്ടുള്ള കയറിനാലാണ് ബന്ധിച്ചത് പശുവാണെന്നുള്ള ഭാവത്തില്‍ പീഡിപ്പിച്ചപ്പോഴും സസന്തോഷം ആ പീഡനങ്ങളെ വലാസുരന്‍ നേരിട്ടു.അങ്ങനെ സന്തോഷത്തോടും സംതൃപ്തിയോടും കൂടി അസുരന്റെ ദേഹം പതിച്ചു.ദേവന്മാര്‍ പുഷ്പവൃഷ്ടി ചൊരിഞ്ഞു.ശരീരം വെടിഞ്ഞ ദൈത്യേന്ദന്‍ അതീവതേജസ്സോട് കൂടി ബ്രന്മലോകം പ്രാപിച്ചു.വലാസുരന്റെ സര്‍വാംഗങ്ങളും രത്‌നങ്ങളായി ഭവിച്ചു.ഇങ്ങനെ രത്‌നത്തിന്റെ ഉത്ദവം പറഞ്ഞുകേള്‍പ്പിച്ച സോമസുന്ദര ഭഗവാന്‍ എല്ലാ രത്‌നങ്ങളുടേയും ഗുണഗണങ്ങള്‍ മന്ത്രിമാരെ പറഞ്ഞുകേള്‍പ്പിച്ചു .
കുമാരന് കീരിടം ഉണ്ടാക്കുവാന്‍ ശ്രേഷ്ടങ്ങളായ രത്‌നങ്ങള്‍ തന്നെ നല്‍കി.മന്ത്രിമാര്‍ അതുപയോഗിച്ച് കീരിടം തയ്യാറാക്കി.അവരുടെ അഭ്യര്‍ത്ഥനപ്രകാരം രാജകുമാരന്റെ സിംഹാസനരോഹണത്തിനും രാജാഭിഷേകത്തിനും വൈശ്യവര്യനായ ഭഗവാന്‍ സന്നിഹിതനായി അനുഗ്രഹിച്ചു.മന്ത്രിമാര്‍ അദ്ദേഹത്തിന് സമ്മാനങ്ങള്‍ നല്‍കാന്‍ തയ്യാറായി.കാരുണ്യപൂര്‍ണ്ണമായ കടാക്ഷത്താല്‍ എല്ലാവരേയും അനുഗ്രഹിച്ചതിനു ശേഷം മൂലലിംഗത്തില്‍ മറഞ്ഞു.അപ്പോഴാണ് വൈശ്യവര്യനായി വന്നത് സുന്ദരേശഭഗവാനാണെന്ന് അവര്‍ക്ക് മനസ്സിലായത് . ഹാലാസ്യനാഥന്റെ അനുഗ്രഹം സിദ്ധിച്ച രാജകുമാരന് ആയുസ്സ് ഉണ്ടാകുമെന്ന് അവര്‍ വിശ്വസിച്ചു.രാജാവായി അഭിഷേകം ചെയ്ത കുമാരന് അഭിഷേകപാണ്ഡ്യന്‍ എന്ന നാമം സിദ്ധിച്ചു.ബാല്യത്തില്‍ തന്നെ രാജ്യഭരണം ഏല്‌ക്കേണ്ടി വന്ന കുമാരന്‍ സൈന്യബലവും ഐശ്വര്യവും വര്‍ദ്ധിപ്പിച്ചു.അനേകം കാലം നീതിധര്‍മ്മങ്ങളോട് കൂടി രാജ്യം പരിപാലിച്ചു.ആരോഗ്യവും സമ്പത്തും കീര്‍ത്തിയും ഉണ്ടാക്കുന്നതാണ് ഈ ലീല.
അവലംബം: വ്യാസദേവന്‍ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യ സംഹിതയെ അടിസ്ഥാനമാക്കി ചാത്തുക്കുടി മന്നാടിയാര്‍ രചിച്ച ഹാലാസ്യ മാഹാത്മ്യം കിളിപ്പാട്ട്.
അടുത്ത ഹാലാസ്യ മാഹാത്മ്യം18 – അതിവര്‍ഷഭയ വിമോചനം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
Comments