ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. അടുത്തിടെയാണ് ഇവി വാഹനങ്ങൾ രാജ്യത്ത് ഇത്ര പ്രചാരം നേടുന്നത്. എന്നാൽ വാഹനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഏറ്റവും വലിയ ആശങ്കയാണ് ചാർജ് ചെയ്യുന്നതും കാര്യക്ഷമമായ വഴികൾ കണ്ടെത്തുക എന്നിവയും. നിരത്തുകളിൽ ഇലക്ട്രോണിക് വാഹനങ്ങൾ നിറഞ്ഞെങ്കിലും നിലവിൽ ചാർജിംഗ് സംവിധാനം വികസന ഘട്ടത്തിലാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗ് കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന അഞ്ച് ടിപ്‌സുകൾ ഇതാ..
ചാർജിംഗ് മുൻകൂട്ടി പ്ലാൻ ചെയ്യുക
ഇവിയുമായി ദൂരയാത്രയ്‌ക്ക് ഒരുങ്ങുന്നതിന് മുമ്പ് കാർ ചാർജ് ചെയ്യുന്നതിന് സാദ്ധ്യമാകുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്ലാൻ ചെയ്യുക. ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത അന്വേഷിച്ച് അതിന് അനുസരിച്ച് മാത്രം റൂട്ട് മാപ്പ് തയാറാക്കുക.
ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക
സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് പെട്ടെന്ന് ചാർജ് ചെയ്യാനാകും. ഇത് സമയം ലാഭിക്കാൻ സഹായിക്കും. ഈ സ്റ്റേഷനുകളിൽ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ തന്നെ വേഗത്തിൽ ബാറ്ററി ചാർജ് ചെയ്യാനാകും.
തിരക്കില്ലാത്ത സമയം പ്രയോജനകരമാക്കുക
സമയത്തിന് അനുസൃതമായി വൈദ്യുതി നിരക്കിൽ പലപ്പോഴും വ്യത്യാസം അനുഭവപ്പെടാം എന്ന കാര്യത്തിൽ പലർക്കും ധാരണയുണ്ടാകില്ല. ഇവി ചാർജ് ചെയ്യുന്നതിനുള്ള പണം ലാഭിക്കുന്നതിനായി വൈദ്യുതി നിരക്ക് സാധാരണയിലും കുറവും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുക. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ ഉൾപ്പെടെ വാഗ്ദാനം ചെയ്യാറുണ്ട്. ഇത് ഉടമയ്‌ക്ക് ചിലവ് കുറയ്‌ക്കാൻ സഹായകമാകും.
ഹോം ചാർജിംഗ്
ഒരു ഹോം ചാർജിംഗ് സ്‌റ്റേഷൻ സ്ഥാപിക്കുന്നത് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചിലവ് കുറഞ്ഞതുമായ പ്രക്രിയ തന്നെയാണ്. വീട്ടിൽ പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതിലൂടെ ഒറ്റ രാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാൻ സാധിക്കും.
ചാർജിംഗ് ആപ്പുകൾ
സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ, ഇവയുടെ ലഭ്യത, താരിഫ് എന്നിങ്ങനെയുള്ള തത്സമയ വിവരങ്ങൾ അറിയാൻ സാധിക്കുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. യാത്ര ചെയ്യുന്ന വഴിയിൽ ചാർജിംഗ് പോയിന്റുകൾ ഉണ്ടോയെന്ന് അറിയുന്നതിനും പ്ലാൻ ചെയ്യുന്നതിനും ആപ്പുകൾ സഹായകമാണ്.
ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങൾ
മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഇവിയ്‌ക്ക് കുറച്ചധികം മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ട്. സുരക്ഷിതമായ അന്തരീക്ഷത്തിൽ വാഹനം ചാർജ് ചെയ്യുന്നത് ഡ്രൈവറുടെ സുരക്ഷയ്‌ക്കും വാഹനത്തിന്റെ ബാറ്ററി പായ്‌ക്ക് ഹെൽത്തിനും ആവശ്യമാണ്. അമിതമായി ചൂടുള്ള സമയങ്ങളിൽ ഇവി ചാർജിംഗ് ഒഴിവാക്കണം.
Comments