തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് കൈയിട്ടുവാരിയതിൽ വിവാദം ശക്തമായതോടെ ഒടുവിൽ മുഖം രക്ഷിക്കാൻ പാർട്ടി അംഗത്തെ സസ്‌പെൻഡ് ചെയ്ത് സിപിഎം. തിരുവനന്തപുരം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തിന് നൽകാനായി പിരിച്ചെടുത്ത തുകയിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് ഇയാൾക്ക് എതിരെയുള്ള ആരോപണം.
രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാൻ എന്ന പേരിൽ ലക്ഷങ്ങളാണ് പാർട്ടി പിരിച്ചത്, എന്നാൽ 11 ലക്ഷം മാത്രമാണ് കുടുംബത്തിന് കൈമാറിയത്. വൻ തുക പിരിച്ചെങ്കിലും തുകയുടെ കൃത്യമായ കണക്ക് പാർട്ടിയുടെ കൈയ്യിലില്ല. 11 ലക്ഷത്തിന് പുറമേ പിരിച്ച തുക നിയമസഹായ ഫണ്ട് എന്ന പേരിൽ കൈതമുക്ക് ചുമട്ടുതൊഴിലാളി സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു ഇതിന്റെ പ്രസിഡന്റും രവീന്ദ്രൻ നായർ തന്നെയാണ്.
8 ലക്ഷം രൂപയോളം അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നു. അതിൽ നിന്നും 5 ലക്ഷം രൂപ ഇയാൾ കൈക്കലാക്കി. പാർട്ടി അറിയാതെയാണ് ഇയാൾ പണം പിൻവലിച്ചെന്നാണ് പാർട്ടി അംഗങ്ങൾ പറയുന്നത്. ഈ കഴിഞ്ഞ ഒമ്പതാം തീയതിയാണ് രവീന്ദ്രൻ നായർക്കെതിരെ ആരോപണം ഉയർന്നത്. തുടർന്ന് ജില്ലാ കമ്മറ്റി ചെയർമാൻ രവീന്ദ്രനാഥൻ ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
സമാനമായിരുന്നു എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ പേരിൽ നടത്തിയ പണപ്പിരിവും. അഭിമന്യു കൊല്ലപ്പെട്ടപ്പോൾ പണപ്പിരിവ് നടത്തുകയും ഫണ്ടിൽ നിന്നും കൈയിട്ട് വാരുകയും ചെയ്തു. തുടർന്ന് വീട് വെച്ച് നൽകിയെങ്കിലും പിരിച്ച തുകയുയെ കൃത്യമായ കണക്ക് അവതരിപ്പിച്ചിട്ടില്ല.
Comments