ഗാന്ധിനഗർ: അഹമ്മദാബാദിൽ ആശുപത്രിയിൽ തീപിടിത്തം. പത്ത് നിലയുള്ള ആശുപത്രി കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ നിന്ന് 125- ഓളം രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. അപകടത്തിൽ ആളപായമില്ല.
ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇതിനായി ആശുപത്രിയുടെ ബേസ്മെന്റിൽ കരുതിയിരുന്ന സാധനങ്ങൾക്കാണ് തീപിടിച്ചത്. നിരവധി വസ്തുക്കൾ കത്തി നശിച്ചതായും വൻതോതിൽ പുകയുയർന്നതായും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇന്ന് പുലർച്ചെ 4.30- ഓടെ ആയിരുന്നു തീപിടിത്തം.
തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ബേസ്മെന്റിൽ നിന്ന് പുക ഉയരുന്നത് തുടരുകയാണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ മുൻകരുതലെന്നോണം 125 രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Comments