ന്യൂഡൽഹി: എൻഡിഎ സഖ്യത്തിന്റെ 25 വർഷത്തെ യാത്ര മുന്നോട്ട് നാം ഒന്നിച്ച് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് വിജയം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള എൻഡിഎ എംപിമാരുമായുള്ള യോഗത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണത്തിൽ അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തിൽ എൻഡിഎ സർക്കാർ നിർണായക ചുവടുവെയ്പ്പാണ് നടത്തിയിരിക്കുന്നത്. യുപിഎ സർക്കാരിന്റെ 10 വർഷത്തെയും നമ്മുടെ സർക്കാരിന്റെ ഒമ്പത് വർഷത്തെയും പ്രവർത്തനങ്ങളെ താരതമ്യം ചെയ്താൽ അടിസ്ഥാന സൗകര്യ വികസനത്തിൽ എൻഡിഎ മികച്ച പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ഈ വികസന പ്രവർത്തനങ്ങൾ എല്ലാ സാധാരണക്കാരിലേക്കും എത്തിയിരിക്കുകയാണ്. 2024-ലെ തിരഞ്ഞെടുപ്പിന്റെ പ്രചരണ ഘട്ടങ്ങളിൽ എല്ലാ എംപിമാരും സജീവമായിരിക്കണം. നമ്മുടെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുകയും ചെയ്യണം’ പ്രധാനമന്ത്രി പറഞ്ഞു.
ഒന്നര മണിക്കൂർ നീണ്ട യോഗത്തിൽ ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങൾ എംപിമാർ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി 10 ഗ്രൂപ്പുകളായി തിരിഞ്ഞാണ് എൻഡിഎ എംപിമാർ പ്രധാനമന്ത്രിയുമായി യോഗം ചേരുന്നത്.
Comments