പത്തനംതിട്ട: പോലീസിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്‌സാന. ഏറ്റവും ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഡിവൈഎസ്പിയാണ് തന്നെ മർദ്ദിച്ചതെന്ന് അഫ്‌സാന വ്യക്തമാക്കി. മറ്റുള്ളവരുടെ പേരറിയില്ലെങ്കിലും കണ്ടാലറിയാമെന്നും യൂണിഫോം ഇട്ടവരും ഇടാത്തവരും തന്നെ തല്ലിച്ചതച്ചെന്നും യുവതി പറഞ്ഞു.
അവരുടെ ആയുധം കൈകളാണ്. കൈ ചുരുട്ടിയാണ് അവർ അടിച്ചത്. ഒരു ആണിനെ പോലും അവർ ഇങ്ങനെ ഉപദ്രവിക്കില്ല. കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തനിക്ക് വലുത് കുടുംബമാണെന്നും അതുകൊണ്ട് കുറ്റം ഏൽക്കുകയായിരുന്നുവെന്നും അഫ്‌സാന പറഞ്ഞു. പോലീസിന്റെ മൂന്നാം മുറയെന്ന് കേട്ടിട്ടെയുള്ളുവെന്നും അത്രമേൽ ക്രൂരമായാണ് തന്നെ മർദ്ദിച്ചതെന്നും അഫ്‌സാന വ്യക്തമാക്കി.
താൻ അത്തരത്തിലൊരു കുറ്റം ചെയ്തിട്ടില്ലെന്നാണ് അഫ്‌സാന ആവർത്തിക്കുന്നത്. ഭർത്താവിനെ കൊല്ലാൻ മാത്രം ക്രൂരയല്ല താനെന്നും തനിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവർ പറഞ്ഞു. ജീവനുതുല്യം സ്‌നേഹിച്ച ഭർത്താവിനെ കൊന്നുവെന്ന് പറയാൻ ആവശ്യപ്പെട്ടത് പോലീസാണെന്നും യുവതി ആരോപിച്ചു. ഏതൊരു ആൾക്കൂട്ടത്തിലും തിരക്കുന്ന മുഖം നൗഷാദിന്റേതാണ്. തുടർന്നാണ് അടൂരിൽ വച്ച് നൗഷാദെന്ന് സംശയിച്ച വ്യക്തിയെ കണ്ടപ്പോൾ പോലീസിനെ അറിയിച്ചത്. പിന്നാലെ വിഷയം അന്വേഷിക്കാമെന്ന് പറഞ്ഞവരാണ് തന്റെ പേരിൽ ആരോപണം ഉന്നയിച്ചത്. പിന്നീട് വേദനകൾ സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് തെറ്റ് സമ്മതിച്ചത്- അഫ്‌സാന പറയുന്നു.
നൗഷാദിനൊപ്പം ജീവിക്കാൻ തനിക്ക് താത്പര്യമില്ലെന്നും വിവാഹമോചനത്തിനായുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു. എന്നാൽ ഭർത്താവ് മക്കളെ കാണുന്നതിൽ തനിക്ക് വിരോധമില്ലെന്നും അഫ്‌സാന പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയ്‌ക്കും ഡിജിപിയ്‌ക്കും പരാതി നൽകാനാണ് തീരുമാനം. വിഷയത്തിൽ കോടതിയെയും സമീപിക്കുമെന്ന് അഫ്‌സാന പറഞ്ഞു. നീതി ലഭിക്കും വരെ പോരാടുമെന്നും യുവതി സൂചിപ്പിച്ചു.
പോലീസിന്റെ ക്രൂര മർദ്ദനം വെളിപ്പെടുത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.സംസ്ഥാന പോലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ന്നര വർഷം മുൻപ് പത്തനംതിട്ടയിൽ നിന്നും കാണാതായ കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
Comments