ഡൽഹി: ഇന്ത്യയില്‍ ചൈനീസ് ആശയ പ്രചരണത്തിന് ശ്രമിച്ച ന്യൂസ്‌ക്ലിക്ക് വൈബ് സൈറ്റിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ ലോക്സഭയിൽ കടന്നാക്രമിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. ഇന്ത്യാ വിരുദ്ധ ക്യാമ്പെയിനുകളെ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പിന്തുണയ്‌ക്കുകയാണ്. ചൈയുടെ അജണ്ട ഇന്ത്യയിൽ നടപ്പാക്കുന്നതിൽ സിപിഎം നേതാവ് പ്രകാശ് കാരാട്ടിന് പങ്കുണ്ടെന്നും അതിന്റെ തെളിവുകൾ പുറത്തുവിടാൻ താൻ തയ്യാറാണെന്നും നിഷികാന്ത് ദുബെ തുറന്നടിച്ചു.
‘ഇടതുപക്ഷ പ്രത്യയശാസ്ത്രം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതിനായി ന്യൂസ്‌ക്ലിക്ക് പോർട്ടലിന് ധനസഹായം നൽകിയ അമേരിക്കൻ ടെക് മോഗൽ നെവിൽ റോയ് സിംഗവുമായി ഇമെയിൽ വഴി പ്രകാശ് കാരാട്ട് നിരവധി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന അഴിമതിയിൽ സിപിഎം നേതാവിന് കൃത്യമായ പങ്കുണ്ട്. ദേശവിരുദ്ധ പാർട്ടിയാണ് സിപിഎം’.
‘ഇന്ത്യയിലെ ചൈനാ വിരുദ്ധ വികാരങ്ങൾ, ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനും ഇറക്കുമതിക്കുമുള്ള നിയന്ത്രണങ്ങൾ, കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ സിപിഎം വിജയം എന്നിങ്ങനെ രാജ്യത്ത് നടക്കുന്ന പല കാര്യങ്ങളും ഇമെയിൽ വഴി പ്രകാശ് കാരാട്ട് ചർച്ച ചെയ്തിട്ടുണ്ട്. ഇതിന്റെ തെളിവുകൾ പുറത്തുവിടാൻ ഞാൻ തയ്യാറാണ്’- നിഷികാന്ത് ദുബെ പറഞ്ഞു.
ഇന്ത്യൻ മാദ്ധ്യമ രംഗത്തെ ഏറ്റവും വലിയ അഴിമതിയാണ് ന്യൂസ്ക്ലിക്ക് അഴിമതി. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയം ബിജെപി പാർലമെന്റിൽ ഉന്നയിക്കുകയായിരുന്നു. ഇന്ത്യ വിരുദ്ധ വാർത്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിന് രാജ്യത്തിനകത്തെയും വിദേശത്തെയും മാദ്ധ്യമ കമ്പനികൾക്ക് ചൈനീസ് സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് ന്യൂയോർക്ക് ടൈംസ് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തത്. വിവിധ കമ്പനികൾ വഴിയാണ് മാദ്ധ്യമ സ്ഥാപനങ്ങൾക്ക് പണം ലഭിച്ചത്. ന്യൂസ് ക്ലിക്ക് നെറ്റ് വർക്കിന് ചൈനീസ് ഗവൺമെന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് നേരിട്ടും സഹായം ലഭിച്ചിട്ടുണ്ട്.
Comments