1199 ലെ തിരുവാതിര നക്ഷത്രത്തിന്റെ പുതുവർഷ ഫലം
തിരുവാതിര നക്ഷത്രക്കാർക്ക് മഹാദേവന്റെ അനുഗ്രഹംമുണ്ട്. അവർക്ക് യുക്തിസഹവും ആകർഷണീയവുമായ സ്വഭാവമുണ്ട്. അവർ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നവരും പ്രണയനഷ്ടം അനുഭവിക്കുന്നവരുമാണ്. പുരുഷ തിരുവാതിരക്കാർക്ക് വൈകി വിവാഹം കഴിക്കുന്നത് ആണ് നല്ലത്, കാരണം വിവാഹമോചനം സംഭവിക്കാൻ സാധ്യതയുണ്ട്. രാഹുവിന്റെ നീചരാശിയിൽ തിരുവാതിരക്കാർ ജനിച്ചാൽ, അവർ സ്വന്തം കാര്യങ്ങൾ മാത്രം നോക്കുന്നവരും നിർബന്ധ ബുദ്ധി കാണിക്കുന്നവരുമാണ്. അവർക്ക് നല്ല ഓർമ്മശക്തിയും ഒന്നിലധികം വിഷയങ്ങൾ പഠിച്ച് അവ നന്നായി അവതരിപ്പിക്കാനും കഴിയും. എന്നിരുന്നാലും, അവർക്ക് പല കാര്യങ്ങൾ ഒരുമിച്ചു ചിന്തിക്കുന്നത് കൊണ്ട് ചില കാര്യങ്ങൾ ചെയ്യുമ്പോൾ താമസം വരും. അവർക്ക് ഏതൊരു പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി മാറ്റാനുള്ള കഴിവുണ്ട്. അവർക്ക് പരോപകാര താൽപ്പര്യമുണ്ട്, പക്ഷേ അതിൽ നിന്ന് അവർക്ക് നേട്ടം ഉണ്ടാവില്ല. അവർ ഏറ്റെടുത്ത കാര്യങ്ങൾ വിജയിപ്പിക്കും. സ്വന്തം നാട്ടിൽ ഭാഗ്യം ഉണ്ടാവില്ല, പക്ഷേ കഠിനപ്രയത്നം കൊണ്ട് ഉയർന്ന നിലയിൽ എത്തിച്ചേരും. വിവാദങ്ങളിൽ പെടാൻ സാധ്യതയുണ്ട്. കലാപരമായ കഴിവുണ്ട്. മാതാപിതാക്കൾക്ക് ഇവർ പ്രത്യേകിച്ചും ഗുണം ചെയ്യില്ല. ചില തിരുവാതിരക്കാരുടെ വിവാഹ ജീവിതം അത്ര സുഖകരമായിരിക്കില്ല. അവർക്ക് 27 വയസ്സിനു ശേഷമാണ് പുരുഷന്മാർക്ക് വിവാഹത്തിന് അനുയോജ്യം, സ്ത്രീകൾക്ക് 21 മുതൽ 24 വരെയോ അതല്ലെങ്കിൽ 26 മുതൽ 29 വരെയും ആണ് അനുയോജ്യം.
ചിങ്ങം
വർഷം ആരംഭിക്കുന്നത് നല്ല ഗുണാനുഭവങ്ങൾ കൊണ്ട് ആയിരിക്കും. കാലങ്ങൾ ആയി ബുദ്ധിമുട്ടിക്കുന്ന രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും. ശരീര കാന്തി വർധിക്കും. രാഷ്‌ട്രീയക്കാർക്ക് വിവാദങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ജനങ്ങൾ അംഗീകരിക്കുകയും ചെയ്യും. സാമ്പത്തിക ബുദ്ധിമുട്ടുകകൾക്ക് ശ്വാശ്വത പരിഹാരം കണ്ടെത്തും. പണി നടന്നു കൊണ്ടിരുന്ന ഗൃഹത്തിന്റെ പണി പൂർത്തിയാക്കി താമസം തുടങ്ങാൻ യോഗം ഉണ്ട്.
കന്നി
കുടുംബാംഗങ്ങൾ ഒരുമിച്ചു പുണ്യസ്ഥലങ്ങൾ സന്ദര്ശിച്ചു മാനസിക ഉല്ലാസം നേടും. മാതാപിതാക്കളുടെ ആഗ്രഹം പൂർത്തിയാകുന്നതിന് ആത്മസംതൃപ്തി ഉണ്ടാകും. കെട്ടിട നിര്മാണപ്രവത്തനങ്ങൾ ചെയ്യുന്നവർ ഉയരത്തിൽ നിന്ന് വീഴാതെ നോക്കുക. ഒടിവ് ചതവ് മുറിവ് ഒക്കെ ഉണ്ടാകാൻ യോഗം ഉണ്ട്. സ്വത്തു സംബന്ധമായ വിഷയങ്ങളിൽ തർക്കങ്ങൾ ഉണ്ടാകും. ചിലർക്ക് മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും.
തുലാം
തൊഴിൽ മേഖലയിൽ വളരെ ക്ലേശങ്ങൾ ഉണ്ടാകും. ശത്രുശല്യം ഉണ്ടാകും. ചിലർക്ക് കേസ് വഴക്കു മൂർച്ഛിച്ചു കാരാഗ്രഹ വാസം വരെ ഫലം വന്നേക്കാം. എന്നിരുന്നാലും സത്സന്താന യോഗം ഉണ്ടാകും. നല്ല സൗഹൃദങ്ങൾ ഉണ്ടാകുകയും അത് വഴി ഗുണങ്ങൾ ഉണ്ടാകുകയും ചെയ്യും. ലാഭസ്ഥാനത്തു നിൽക്കുന്ന വ്യാഴത്തിന്റെ ഗുണാനുഭവങ്ങൾ പ്രകടമായി വന്നു തുടങ്ങും. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക, യാത്രകളിൽ ഹോട്ടൽ ഭക്ഷണം വഴി വിഷബാധ ഉണ്ടാക്കതെ നോക്കുക.
വൃശ്ചികം
പ്രവാസികൾക്ക് സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ ലഭിക്കും. കുടുംബങ്ങൾ തമ്മിൽ ഉള്ള സ്വര ചർച്ചകൾ പരിഹരിക്കാൻ മുൻകൈ എടുക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. വ്യവഹാര വിജയം, കൃഷി പക്ഷി മൃഗാദികൾമൂലം ധനനേട്ടവും അനുഭവത്തിൽ വരും. അക്കൗണ്ട്സ് വിഭാഗത്തിൽ തൊഴിൽ ചെയ്യുന്നവർക്ക് ഉന്നത സ്ഥാനത്തേക്ക് സ്ഥാനക്കയറ്റവും പ്രശസ്തി പത്രവും ലഭിക്കും. സൽസുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കും.
ധനു
ചില സുഹൃത്തുക്കളോട് തെറ്റിദ്ധാരണ ഉണ്ടായി അകലേണ്ടി വരും. ഇപ്പോഴും യാത്രകൾ ചെയേണ്ടി വരുന്ന സന്ദർഭം ഉണ്ടാകും. ചിലർക്ക് ചിട്ടി, ലോട്ടറി, നറുക്കെടുപ്പ് ഒക്കെയിലും സമ്മാനം ലഭിക്കാൻ യോഗം ഉണ്ട്. സന്താനങ്ങൾ കാരണം മനസിന് ദുഃഖം ഉണ്ടാക്കും. ചില വിശേഷ ദേവാലയങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാകും. ജീവിത പങ്കാളിയുടെ വിദഗ്‌ദ്ധ ഉപദേശം ചെവികൊള്ളുന്നത് ചില അബദ്ധങ്ങളിൽ നിന്നും അത്ഭുതപൂർവം രക്ഷപ്പെടുത്തും.
മകരം
സർക്കാർ സംബന്ധമായോ കുടുംബ ബന്ധു മുഖാന്തരമോ അന്യജനങ്ങൾ കാരണമോ ദുരിതങ്ങൾ ഉണ്ടാകും. ജാമ്യം നിൽക്കുക, സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏല്പിക്കുക, പണം കൊടുക്കുക, എന്നി കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കുക. ചെറിയ ശ്രദ്ധക്കുറവ് ഉണ്ടായാൽ പോലും വലിയ നഷ്ടം ആകും സംഭവിക്കുക. നേത്ര രോഗം, ഉദര രോഗം ഒക്കെയും ശല്യപ്പെടുത്തും. അന്യസ്ത്രീ ബന്ധങ്ങൾ വഴി ധനനഷ്ടവും മാനഹാനിയും ഉണ്ടാകാതെ നോക്കുക.
കുംഭം
വാഹനങ്ങൾ കൊണ്ട് ഗുണാനുഭവങ്ങൾ, സ്ത്രീകളുമായി അടുക്കാൻ അവസരം, കുടുംബങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ യോഗം, ഭൂമി ലാഭം, അത് വഴി സമ്പത്തു വർദ്ധനവ് ഒക്കെ ഫലം. ചിലർക്ക് വിദേശ യാത്ര യോഗം ഉണ്ട് എങ്കിലും ഗുണഫലങ്ങൾ ഉണ്ടാകുകയില്ല. ആയുധം യന്ത്രങ്ങൾ ഒക്കെ ബന്ധപെട്ടു നില്കുന്നവർക്ക് നൂതന സാങ്കേതിക വിദ്യ വഴി ധനലാഭം പ്രതീക്ഷിക്കാം. ഈശ്വര വിശ്വാസം കൂടുന്ന കാലമാണ്. ആത്മീയ കാര്യങ്ങളിൽ സമയം ചിലവഴിച്ചു മനസിന് സ്വസ്ഥതയും സമാധാനവും നേടും.
മീനം
പട്ടാളം, പോലീസ് എന്നിവയിൽ ഉന്നത പദവിയിൽ ഇരിക്കുന്നവർക്ക് സ്ഥാനചലനമോ, മാറ്റമോ ഉണ്ടാകും. ഈ മാസത്തിൽ ജനിക്കുന്ന തിരുവാതിര കുഞ്ഞുങ്ങൾക്ക് രാജയോഗം സുനിശ്ചിതം. പിരിഞ്ഞു ഇരുന്ന പഴയകാല സുഹൃത്തുക്കളെ കാണാൻ സാഹചര്യം ഉണ്ടാകും. ഭാര്യ, പുത്രാ സുഖം, സന്താനഭാഗ്യം. വിദേശ ഭാഗ്യം എന്നിവ യോഗത്തിൽ ഉണ്ട്. വ്യാപാരികൾക്ക് പ്രവർത്തന മാന്ദ്യം മാറി പുരോഗതി കൈവരിക്കും. അധികാരത്തിൽ ഇരിക്കുന്നവർക്ക് ജോലിത്തിരക്ക് കാരണം കീഴ്ജീവനക്കാരെ നിയമിക്കേണ്ട അവസ്ഥ ഉണ്ടാകും.
മേടം
മേടസംക്രമ ഫലം തിരുവാതിരക്കാർക്ക് അത്ര നന്നായിരിക്കില്ല. പല വിധ പ്രതിസന്ധികളും ദുരിതങ്ങളും ഉണ്ടാകും എങ്കിലും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. ഭാഗ്യയോഗങ്ങൾ ഉണ്ടാകും. ലോട്ടറി, നറുക്കെടുപ്പ് ഒക്കെ ലഭിക്കേണ്ട സമയമാണ്. രാഷ്‌ട്രീയക്കാർക്ക് വിജയം ലഭിക്കുന്ന സമയം ആണ്. പുതിയ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ പറ്റിയ സമയം ആണ്. മാതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട ആവശ്യം ഉണ്ട്.
ഇടവം
റിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്നവർക്ക് വസ്തു ലാഭം ഉണ്ടാകേണ്ടതാണ്. അധികാര പ്രാപ്തി ലഭിക്കാൻ ഉള്ള യോഗവും അത് വഴി ധന സമ്പാദന വഴികളും വന്നു ചേരും. ചില വിലപ്പെട്ട രേഖകളും ആഭരണങ്ങളും നഷ്ടപ്പെടാൻ സാധ്യത ഉണ്ട്, ജാഗ്രത പുലർത്തുക. തൊഴിൽ ക്ലേശം ഉണ്ടാകുകയും പലവിധ തൊഴിൽ ചെയ്യാൻ ഉള്ള സാഹചര്യം സംജാതമാകും. ദമ്പതികൾ തമ്മിൽ അനൈക്യം ഉണ്ടാകുകയും അകലുകയും ചെയുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
മിഥുനം
തൊഴിൽ സംബന്ധമായി ദൂര യാത്രകൾ വേണ്ടി വരും. ഹൃദ്രോഗം, ത്വക്ക് രോഗം, നേത്ര രോഗങ്ങൾ ഒക്കെ ഉള്ളവർ സമയാസമയങ്ങളിൽ പരിശോധന നടത്തി ആരോഗ്യം ഉറപ്പാക്കുക. ഒരുപാടു നാളായി ഉണ്ടായിരുന്ന പ്രണയം വിവാഹത്തിൽ കലാശിക്കും. പുതിയ അടയാഭരണ അലങ്കാര വസ്തുക്കളുടെ യോഗം, വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന വിദേശ പഠനം സാധ്യമാകുക ഒക്കെ ഫലം. വളരെ കാലമായി അലട്ടിയിരുന്ന ഒരു കേസിൽ വിജയം വരും
കർക്കടകം
കുറേകാലമായി പ്രവർത്തിക്കുന്ന ചില പ്രൊജെക്ടുകളിൽ വിജയം ലഭിക്കും. ചെയുന്ന പ്രവർത്തികളിൽ തക്കതായ പ്രതിഫലം ലഭിക്കും. മേലധികാരികളിൽ നിന്നും പ്രശംസയും ഉന്നതസ്ഥാനിയരുടെ ആദരിവിനും പത്രമാകും. മാതാപിതാക്കൾക്ക്ക് തങ്ങളുടെ മക്കളുടെ കാര്യത്തിൽ ആത്മനിർവൃതി ഉണ്ടാകും. ഒരുപാടു നാളായി പിണക്കത്തിൽ ആയിരുന്ന സഹോദരങ്ങൾ തമ്മിൽ ഒരുമിക്കും. ശിരോരോഗം മൈഗ്രേൻ എന്നിവ ഒക്കെ സൂക്ഷിക്കുക.
പൊതുവിൽ വര്ഷം ഗുണകരം എന്ന് പറയാം. ലോട്ടറിയിൽ സമ്മാനം ലഭിക്കാൻ യോഗം ഉണ്ട്. ലോട്ടറി എടുത്താൽ മാത്രമേ അതിൽ സമ്മാനം ലഭിക്കു എന്ന് ഓർക്കുക. ദമ്പതികൾ തമ്മിൽ അനൈക്യം ഉണ്ടാകാതെ നോക്കുക. ജാതകം ഗ്രഹിച്ചു ആവശ്യമായ പരിഹാരങ്ങൾ ചെയ്യാത്ത പക്ഷം ഡിവോഴ്സ് പോലും സംഭവിക്കാം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August
Comments