കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സൈബർ ഇടങ്ങളിൽ സിപിഎം ഇലക്ഷൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ചളിയിൽ ഷെൽഫുമായി നിൽക്കുന്ന ജെയ്‌ക്കിന്റെ ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് സൈബർ ഇടങ്ങളിൽ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. മന്ത്രിമാരടക്കമാണ് ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്നത്.
‘ജനങ്ങൾക്കൊപ്പം നിന്ന യുവാവ്, ജനങ്ങളിൽ നിന്നുയർന്നുവന്ന നേതാവ്, പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് ജെയ്ക് സി തോമസിന് വിജയാശംസകൾ’ എന്നാണ് പ്രളയകാലത്തെ ചിത്രം പങ്കുവെച്ചു കൊണ്ട് മന്ത്രി എം.ബി രാജേഷ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. പിന്നാലെ വിമർശനങ്ങളും ട്രോളുകൾ വന്നു. വിവിധ രാഷ്‌ട്രീയ നേതാക്കളും സെലിബ്രിറ്റികളും സാധാരണക്കാരുമെല്ലാം പല സഹായങ്ങളും പ്രളയ കാലത്ത് ചെയ്തിട്ടുണ്ട്. ഇലക്ഷൻ വരുമ്പോൾ വോട്ടിന് വേട്ടിയുള്ള ഇത്തരം വില കുറഞ്ഞ പ്രചാരണം മോശമാണെന്ന് ജനങ്ങൾ വിമർശിക്കുന്നു.
പാടത്ത് ഇറങ്ങി നിന്ന് വീഡിയോ ചെയ്ത സിപിഎം നേതാവ് എസ്.കെ സജീഷിനെ ഓർമ്മ വരുന്നുവെന്നാണ് ജെയ്കിന്റെ ചിത്രത്തിന് ചില ട്രോളന്മാരുടെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്‌ക്കിന്റെ പേര് സ്ഥാനാർഥിയായി അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത പേരും ജെയ്‌ക്കിന്റേതായിരുന്നു. ജെയ്‌ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേര് പാർട്ടി ആദ്യം പരിഗണിച്ചിരുന്നു.
Comments