തൃശൂർ: ഹെൽമറ്റിനുള്ളിൽ പാമ്പുള്ള വിവരം അറിയാതെ യുവാവ് നാട് ചുറ്റി നടന്നത് രണ്ട് മണിക്കൂറിലേറെ നേരം. തൃശൂരിലാണ് സംഭവം. ഗുരുവായൂർ കോട്ടപ്പടി സ്വദേശി ജിന്റോ എന്ന യുവാവിന്റെ ഹെൽമെറ്റിനുള്ളിലാണ് അണലിക്കുഞ്ഞ് കയറി ഇരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി ഏഴ് മണിയോടെയായിരുന്നു ഹെൽമറ്റും ധരിച്ച് ജിന്റോ ബെെക്കിൽ ഗുരുവായൂരിലേയ്ക്ക് പോയത്. ഇതിനിടെ ഒരു സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയും ചെയ്തിരുന്നു. ശേഷം രാത്രി ഒമ്പത് മണിക്ക് ശേഷമാണ് യുവാവ് തിരികെ വീട്ടിലെത്തിയത്.
വീട്ടുമുറ്റത്ത് വെച്ച് ഹെൽമെറ്റ് ഊരിയപ്പോഴാണ് പാമ്പിൻ കുഞ്ഞ് നിലത്ത് വീണത്. പാമ്പിനെ കണ്ടതും യുവാവ് പരിഭ്രാന്തനായി. തുടർന്ന് യുവാവിന് തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. തുടർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ പരിശോധനയിൽ യുവാവിന് പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് കണ്ടെത്തി.
Comments