മധുരപാനീയങ്ങൾ കുടിക്കാൻ ഇഷ്ടമുള്ളവർ ഏറെയാണ്. ഇത്തരം പാനീയങ്ങൾ കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. യുഎസ് ശാസ്ത്രജ്ഞരുടെ പുതിയൊരു പഠന റിപ്പോർട്ടിൽ ദിവസേനയുള്ള പഞ്ചസാര പാനീയങ്ങളുടെ ഉപയോഗം സ്ത്രീകളുടെ കരൾ അർബുദത്തിനും വിട്ടുമാറാത്ത കരൾ രോഗ മരണത്തിനും കാരണമാകുമെന്നാണ് തെളിയിച്ചിരിക്കുന്നത്. ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
യുഎസിലെ ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. നിരീക്ഷണ പഠനത്തിൽ 98,786 സ്ത്രീകളെ പ്രോസ്പെക്റ്റീവ് വിമൻസ് ഹെൽത്ത് ഇനിഷ്യേറ്റീവ് പഠനത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ കണ്ടെത്തൽ നടത്തിയത്. പഠനത്തിൽ നിന്നും ദിവസവും ഒന്നോ അതില്‍ കൂടുതലോ മധുരമുള്ള പഞ്ചസാര പാനീയങ്ങൾ കഴിക്കുന്ന 6.8 ശതമാനം സ്ത്രീകളില്‍ കരൾ അർബുദത്തിനുള്ള സാധ്യത ഏറെയാണെന്ന് കണ്ടെത്തി. കൂടാതെ കരൾ രോഗങ്ങളിലൂടെയുള്ള മരണ സാധ്യത 68 ശതമാനം കൂടുതലാണ്.
20 വർഷത്തെ നിരീക്ഷണ പഠനത്തിലൂടെയുള്ള പഠനമാണിത്. സ്ത്രീകൾ അവർ 20 വർഷം കഴിച്ച ശീതളപാനീയങ്ങളും ഫ്രൂട്ട് ഡ്രിങ്കുകളും അതിന് ശേഷം ഉപയോഗിച്ച കൃത്രിമ മധുരമുള്ള പാനീയങ്ങളുടെ ഉപയോഗവും റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗം സ്ത്രീകൾക്കും കരളിനെ ബാധിച്ചത് ഫൈബ്രോസിസ്, സിറോസിസ്, അല്ലെങ്കിൽ ക്രോണിക് ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വിട്ടുമാറാത്ത കരൾ രോഗങ്ങളുമാണ്. ഇത് മൂലം മരിച്ചവരുടെ റിപ്പോർട്ടും പരിശോധിച്ചു. ഇവ രണ്ടും താരതമ്യം ചെയ്തുള്ള പഠനത്തിലൂടെയാണ് പുതിയ കണ്ടെത്തൽ.
മധുരപാനീയങ്ങൾ അമിതമായി കുടിച്ചാൽ എല്ലാ പ്രായക്കാർക്കും സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്‌ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്ന് മുൻപ് ചില പഠനങ്ങളിൽ തെളിയിച്ചിരുന്നു. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മറ്റുള്ളവരെ അപേക്ഷിച്ച് മന്ദഗതിയിലായിരിക്കുമെന്നും പഠനങ്ങളുണ്ട്.
Comments