അഹമ്മദാബാദ്: തിരംഗ കാമ്പയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഹമ്മദാബാദിൽ സംഘടിപ്പിച്ച തിരംഗ കാമ്പയിനാണ് അദ്ദേഹം തുടക്കമിട്ടത്. രാഷ്‌ട്രത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും അത്തരത്തിൽ രാജ്യത്തിന് വേണ്ടി ജീവിക്കുന്നവരെ തടയാൻ ആർക്കും കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിനാൽ ഇനി മണ്ണിന് വേണ്ടി ജീവൻ നൽകാൻ കഴിയില്ലെങ്കിലും, രാഷ്‌ട്രത്തിന് വേണ്ടി ജീവിതം സമർപ്പിക്കാൻ നുമക്കോരോരുത്തർക്കും സാധിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയർത്താത്ത ഒരു വീടുമില്ലായിരുന്നു. എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തുമ്പോൾ രാജ്യം മുഴുവൻ തിരംഗ പാറിപറക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പൗരന്മാർക്കിടയിൽ ദേശസ്‌നേഹം വളർത്താനാണ് ആഗ്രഹിച്ചത്. 2023 ഓഗസ്റ്റ് 15 മുതൽ 2047 ഓഗസ്റ്റ് 15 വരെ സർക്കാർ ‘ആസാദി കാ അമൃത് കാൽ’ ആഘോഷിക്കും. സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികം ആഘോഷിച്ചതു മുതലാണ് നാം അമൃത കാലത്തിലേക്ക് കടന്നത്. ഈ കാലയളവിൽ ഇന്ത്യയെ സർവ മേഖലകളിലും ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ നാം പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ഗുജറാത്തിലെത്തിയത്. അഹമ്മദാബാദിൽ സംഘടിപ്പിച്ച തിരംഗ യാത്രയ്‌ക്ക് ശേഷം ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൗസിംഗ് ആൻഡ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് സംഘടിപ്പിച്ച ബഹുജന വൃക്ഷത്തൈ നടീൽ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. ഗുജറാത്തിലെ കച്ചിൽ ഇന്ത്യ-പാകിസ്താൻ അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.
Comments