പച്ചക്കറികൾ പാകം ചെയ്യാതെ പച്ചയ്‌ക്ക് കഴിയ്‌ക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ആ ശീലം മാറ്റേണ്ടത് അനിവാര്യം. ചിലയിനം പച്ചക്കറികൾ പാകം ചെയ്യാതെ കഴിയ്‌ക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും. കഴുകി ഉപയോഗിച്ചാലും കണ്ണിൽപെടാത്ത ധാരാളം കീടാണുക്കളും പുഴുക്കളും പ്രാണികളും പച്ചക്കറിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷകരമായി ഭവിയ്‌ക്കും. പച്ചയ്‌ക്ക് കഴിക്കുന്ന പച്ചക്കറികളിലെ ബാക്ടീരിയകൾ കുടലിലേക്ക് പ്രവേശിക്കാൻ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ കരൾ, തലച്ചോറ് എന്നിവയിലേക്കും ഈ കീടാണുക്കൾ കടക്കുന്നു. ഇത് ഭാവിയിൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴി വെയ്‌ക്കും.
എല്ലാ പച്ചക്കറിയിലും ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കിലും കൂടുതലായും ഇലയോട് കൂടിയുള്ള പച്ചക്കറികളിലാണ് കീടാണുക്കൾ കാണപ്പെടുന്നത്. വിര പോലെയുള്ള ജീവികൾ ഇലകളുടെയിടയിൽ ഒളിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെടാറില്ല. ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായി ഭവിക്കും.
പാകം ചെയ്ത് മാത്രം കഴിക്കേണ്ടവ
കാബേജ്
എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്നതാണ് കാബേജ്. എന്നാൽ കാബേജിൽ വലിയ തോതിലാണ് വിരകളും അതിന്റെ മുട്ടകളും കാണപ്പെടുന്നത്. പലപ്പോഴും ശ്രദ്ധയിൽപ്പെടാതെ പോകുന്ന ഇത്തരം ബാക്ടീരിയകൾ ആരോഗ്യത്തിന് ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാക്കും. കാബേജിലെ ഇലകൾ ചൂട് വെള്ളത്തിലിട്ട് കഴുകിയ ശേഷം ഉപയോഗിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്.
വഴുതന
വഴുതന നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക. സോളനൈൻ എന്ന രാസവസ്തു അടങ്ങിയിട്ടുള്ളതിനാൽ വഴുതന പച്ചയ്‌ക്ക് കഴിക്കുന്നത് വളരെ ഏറെ ദോഷം ചെയ്യും. നല്ലരീതിയിൽ വേവിച്ചാൽ മാത്രമേ വഴുതനയുടെ മുഴുവൻ ഗുണങ്ങളും ലഭിക്കുകയുള്ളു. സൊളനൈൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ അത് തലവേദന, വയറിളക്കം, ഛർദ്ദി എന്നിവയ്‌ക്കും കാരണമാകും. വഴുതനങ്ങയിൽ പുഴുക്കളുടെ സാന്നിധ്യം വളരെ കൂടുതലാണ്. ഇതിൽ കാണപ്പെടുന്ന ബാക്ടീരിയകൾ രക്തത്തിലേക്ക് കടക്കുന്നത് അപകടകരമാണ്.
കാപ്‌സികം
പല നിറത്തിലുള്ള ക്യാപ്‌സികം വിപണിയിൽ സുലഭമാണ്. മലയാളികൾ കൂടുതലായും ഉപയോഗിക്കുന്ന ഇവ വ്യത്തിയായി കഴുകിയിട്ട് മാത്രം പാകം ചെയ്യുക. ഇതിനുള്ളിലെ വിത്തുകളിൽ പോലും പുഴുകളും ബാക്ടീരിയകളുമുണ്ടെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. കാപ്‌സികത്തിന് അകത്തും പുറത്തും പുഴുക്കളുണ്ട്. അതിനാൽ നല്ല ചൂടുവെള്ളത്തിലിട്ട് മുക്കിവെച്ച ശേഷം മാത്രം ഉപയോഗിക്കുക.
ചേമ്പില
ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഏവർക്കുമറിയാം. ചേമ്പിലയിൽ ആവശ്യത്തിന് ഫൈബറും അതുപോലെ ശരീരത്തിന് ആവശ്യമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് കഴുകി വ്യത്തിയാക്കിയ ശേഷം മാത്രമേ പാകം ചെയ്ത് കഴിക്കാവൂ. ചൂട് വെള്ളത്തിൽ നന്നായി കഴുകിയ ശേഷമാണ് ഇവ ഉപയോഗിക്കേണ്ടത്. ചീര പോലെയുള്ള ഇലക്കറികളും ഇത്തരത്തിൽ മാത്രമേ കഴിക്കാവൂ.
Comments