1199 ലെ ഉത്രാടം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
ഉത്രാടം നക്ഷത്രക്കാർ സംസ്കാരസമ്പന്നരും ജീവിതത്തിൽ നീതിപൂർവമായ കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്നവരുമാണ്. അവർക്ക് പെട്ടെന്ന് ക്ഷോഭിക്കുന്നു, അതുപോലെ ശാന്തമാകുകയും ചെയ്യും. അവരുടെ മുഖഭാവം പ്രസന്നമാണ്. അവർ ആത്മവിശ്വാസമുള്ളവരും സ്നേഹമുള്ളവരുമാണ്, പക്ഷേ അവർ സ്നേഹം പ്രകടിപ്പിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നു. അവർ ലളിതമായ വസ്ത്രങ്ങൾ ധരിക്കുന്നു. ധാരാളം നല്ല സുഹൃത്തുക്കളുണ്ട്, ഈശ്വര വിശ്വാസികളാണ്, എന്നാൽ അവർ യുക്തിക്ക് അനുസരിച്ച് പെരുമാറുന്നു.
ജീവിതത്തിന്റെ പ്രാരംഭത്തിൽ, അവർക്ക് വളരെയധികം കഷ്ടതകൾ അനുഭവപ്പെടുന്നു, പക്ഷേ സ്വന്തം പ്രയത്നത്താൽ വിജയിക്കുന്നു. അവർക്ക് അനേകം അവസരങ്ങൾ ലഭിക്കുന്നു, ആസക്തികളുണ്ടാകില്ല, പക്ഷേ അവർക്ക് എന്തും ചെയ്യാൻ കഴിയും. അവർ ആരെയും ഉപദേശിക്കാൻ പോകാറില്ല, തിരിച്ചു അവർ ഉപദേശം ഇഷ്ടപ്പെടുന്നില്ല. ശുചിത്വബോധവും, അടുക്കുംചിട്ടയും, ഒരു പെരുമാറ്റചട്ടമുണ്ടായിരിക്കും ഇവരുടെ ജീവിതത്തിൽ. ജാതകത്തിൽ കേതു ബലഹീനനാണെങ്കിൽ, അവരുടെ അടുക്കുംചിട്ടയ്‌ക്ക് മാറ്റം വരും.
ആരോഗ്യകാര്യത്തിൽ, അവർക്ക് ശുഭാപ്തി വിശ്വാസം ഉണ്ട്, പക്ഷേ അവർ നിസ്സാര കാര്യങ്ങളിൽപ്പോലും മാരകമാണെന്ന് ഊഹിക്കുന്നു. അവർക്ക് സ്വന്തമായി നിലപാടും കാഴ്ചപ്പാടും ഉണ്ട്. അവരുടെ ജീവിതത്തിൽ തിക്താനുഭവങ്ങൾ ഉണ്ടാകുമ്പോൾ, അവരുടെ ശുഭാപ്തി വിശ്വാസം കുറയുന്നു. 38 വയസുവരെ, അവർ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്യുന്നു. കുടുംബം, രോഗം, സാമ്പത്തികം എന്നിവയിൽ പ്രതിസന്ധി ഉണ്ടായാലും, അവരുടെ മാനസികബലവും സംസാരശൈലിയും ഈശ്വരനുഗ്രഹത്താൽ അവർ വിജയിക്കുന്നു.
ഉത്രാടം നക്ഷത്രക്കാർക്ക് സാഹിത്യത്തിൽ അഭിരുചിയുണ്ട്. സ്ത്രീകൾ കൂലീനരും ആദർശശാലിനികളുമാണ്. അവർക്ക് സൗന്ദര്യബോധമുണ്ട്. അവർ സ്നേഹം ആഗ്രഹിക്കുന്നു, പക്ഷേ അവർക്ക് അത് കിട്ടാതെ പോകുന്നു. 23 മുതൽ 34 വയസുവരെ, സ്ത്രീകൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാകാം. വിദ്യാഭ്യാസം മുടങ്ങുക, ഭാര്യാ – ഭർത്തൃ വേർപിരിയൽ, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. പുരുഷന്മാർക്ക് 23 മുതൽ 28 വരെയാണ് വിവാഹകാലം. അവർക്ക് വളരെ ശ്രദ്ധയോടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് 20 മുതൽ 24 വയസുവരെയും 26 മുതൽ 28 വയസുവരെയും വിവാഹകാലമാണ്.
ചിങ്ങം
വിശാലമസ്‌കത ഒതുക്കി വയ്‌ക്കേണ്ട കാലം ആണ്. അല്ലെങ്കിൽ തന്നെ ബാധിക്കാത്ത വിഷയങ്ങളിൽ സഹപ്രവർത്തകർക്ക് വേണ്ടി മേലധികാരികളോട് പൗരുഷമായി സംസാരിക്കേണ്ടി വരുകയും,അതിനെ തുടർന്ന് സ്ഥാനചലനവും സംഭവിച്ചേക്കാം. വിദേശ തൊഴിൽ, വിദേശ വാസം ഒക്കെ യോഗം. ഈശ്വരാധീനം ഉള്ളത് കൊണ്ട് തൊഴിൽക്ലേശങ്ങൾ മറികടക്കും. പിതാവിനോ, തതുല്യരാവർക്കോ രോഗാദി ദുരിതങ്ങൾ അലട്ടും. പുതിയ വീട് വാങ്ങാനും, വാഹനം വാങ്ങാനും ഭാഗ്യം കാണുന്നു.
കന്നി
സർക്കാർ സംബന്ധമായി ഗുണാനുഭവങ്ങൾ ഉണ്ടാകും. സ്ത്രീകൾ മൂലം ധനനഷ്ടം, മാനഹാനി ഒക്കെയും വന്നു ചേരും. ഭാര്യാഭർതൃ കലഹം, കുടുംബസുക വിഘ്‌നം ഒക്കെയും അനുഭവത്തിൽ വന്നേക്കാം. ഭൂമി ലാഭം കാണുന്നു. ബുദ്ധികൂർമത, വിദ്യാപുരോഗതി ഉണ്ടാകും. വാതസംബന്ധമായ രോഗങ്ങൾ ഉണ്ടാകാം. യാത്രകളിൽ ദോഷാനുഭവങ്ങൾ അനുഭവത്തിൽ വരും. ചിലർക്ക് ഭാര്യാ – ബന്ധു ജനങ്ങൾ ഒക്കെ മൂലം വിഷമതകൾ സാധ്യത. അന്യജനങ്ങൾക്ക് സഹായം ചെയ്താലും ദോഷം വന്ന് ഭവിക്കും.
തുലാം
ഈശ്വരവിശ്വാസം വർദ്ധിക്കും. പുണ്യദേശങ്ങൾ സന്ദർശിക്കാൻ യോഗം. അഭീഷ്ട ലാഭം, കുടുംബജീവിതസൗഭാഗ്യം, മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുക, രോഗങ്ങൾ മാറി സുഖകരമായ ജീവിതത്തിൽ വരുക, പ്രണയത്തിൽ മാതാപിതാക്കളുടെ അനുകൂല്യം, കലാകാരന്മാർക്ക് പ്രശക്തിയും സാമ്പത്തിക ഉന്നതിയും, ആത്മാർത്ഥമായ പ്രവർത്തങ്ങൾ കൊണ്ട് മേലധികാരിയുടെ പ്രീതിക്ക് പാത്രമാവുക, ദീർഘകാലത്തെ ആഗ്രഹം പോലെ പുതിയ ബിസിനസ് ആരംഭിക്കാൻ ഒക്കെ സാധ്യത.
വൃശ്ചികം
വിവാഹകാര്യങ്ങളിൽ തടസം കാണുന്നു, വരവിനേക്കാൾ ചെലവ് ഉണ്ടാകും, അമിതആഡംബര പ്രിയത്വം മൂലം ധനനഷ്ടത്തിനു യോഗം. എന്നാൽ, വിദേശത്തു ജോലി നോക്കുന്നവർക്ക് അനുകൂല സാഹചര്യം വന്നു ചേരും. ചില കരാറുകളിൽ ഒപ്പു ചാർത്തുമ്പോൾ നല്ല പോലെ ആലോചിച്ചു അന്വേഷിച്ചു ചെയുക, കേസേവഴക്കിൽ പെട്ട് പോകാൻ സാധ്യത ഉണ്ട്. മിതത്വം ഇല്ലാത്ത സംസാരം ദോഷം വരുത്തി വയ്‌ക്കും. അധ്വാനത്തിന് തക്ക പ്രതിഫലം ലഭിക്കാതെ പോകുക ഒക്കെ ഫലം.
ധനു
അവിചാരിതമായ ചില കടബാധ്യതകൾ വന്നു ചേരും. രാഷ്‌ട്രീയക്കാർ വിവാദങ്ങളിൽ പെടും. ലോട്ടറി ചിട്ടി നറുക്കു വീഴുക തുടങ്ങിയ ഭാഗ്യ യോഗങ്ങൾ ഉണ്ടാകും. സുഖദുഃഖങ്ങൾ ഒരുപോലെ അനുഭവത്തിൽ വരും. കോടതി വ്യവഹാരങ്ങളിൽ പരാജയം സംഭവിച്ചേക്കാം. ജയിൽ വാസം, മാനഹാനി ഒക്കെയും ഉണ്ടായേക്കാം. വിദ്യാർത്ഥികളെ സംബന്ധിച്ചു പഠിച്ച വിഷയങ്ങളിൽ മറവി സംഭവിക്കാൻ സാധ്യത ഉണ്ട്. പറയുന്ന വാക്കുകളിൽ അബദ്ധം ഉണ്ടാകാതെ സൂക്ഷിക്കുക.
മകരം
കൃഷിപക്ഷിമൃഗാദികൾ കൊണ്ട് ലാഭം. കുടുംബത്തിൽ മംഗളകർമ്മത്തിന്ന് സാധ്യത. തൊഴിൽ ക്ലേശങ്ങൾ വർദ്ധിക്കും. ശിരോരോഗങ്ങൾ, തലവേദന, ത്വക്ക് രോഗങ്ങൾ ഉള്ളവർ ശ്രദ്ധിക്കുക. ആലോചന ശേഷി ഇല്ലാതെ പെട്ടന്ന് ചെയുന്ന പ്രവർത്തികൾ കാരണം വൻ നഷ്ടം സംഭവിച്ചേക്കാം. ആയതിനാൽ വളരെ ജാഗ്രതയോടെ സൂക്ഷ്മതയോടും, ആലോചനയോടും കൂടി മാത്രം കാര്യങ്ങളെ സമീപിക്കുക. പുതിയ പ്രോജെക്ടുകളിൽ ഏർപെടുവാൻ സാധ്യത ഉണ്ട്. ചതി വരാതെ നോക്കുക.
കുംഭം
സംഗീതം, നൃത്തം, വാദ്യഉപകരണങ്ങൾ ഒക്കെയും ആയി ബന്ധപ്പെട്ടു നിൽക്കുന്നവർക്ക് പുതിയ അവസരങ്ങൾ തേടി വരും. ഭാര്യാഭർതൃ ഐക്യം, ശത്രുക്കളുടെ മേൽ വിജയം, വിവാഹകാര്യങ്ങളിൽ തീരുമാനം, അടയാഭരണ അലങ്കാര വസ്തുക്കളുടെ ലബ്ധി, സന്താന ലാഭം, വിദ്യാർത്ഥികൾക്ക് പഠിച്ച വിഷയത്തിൽ തന്നെ ഉപരി പഠന സാദ്ധ്യതകൾ വന്നു ചേരും, ജീവിത സുഖഭോഗങ്ങൾ യഥാവിധി ലഭിക്കുക, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണഫലങ്ങൾ, വ്യവഹാര വിജയം ഒക്കെയും സംഭവിക്കാം.
മീനം
മാതാവിൽ നിന്നും ഗുണഫലങ്ങൾ, കുടുംബാഭിവൃദ്ധി, വിവാഹലാഭം, മന്ത്ര തന്ത്രാദികളിൽ വിജ്ഞാനം സമ്പാദിക്കുക, നിഗൂഢ ശാസ്ത്രങ്ങൾ തേടിപ്പോയി, അതിൽ നിന്നും തിക്താനുഭവങ്ങൾ വരുക, ഭക്ഷണ സുഖം, സത്സന്താന ഭാഗ്യം, അധികാര പ്രാപ്തിയുള്ള തൊഴിൽ നേടുവാനും അന്യജനങ്ങൾക്ക് അത് കൊണ്ടുള്ള ഗുണഫലങ്ങളും സാധ്യത. ചില ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്റെ പിഴ ഒടുക്കേണ്ടി വരും. രോഗഹാനി, നവീന ഗൃഹയോഗം, പരോപകാര തല്പരത ഒക്കെയും ഫലം.
മേടം
മേടവിഷു സംക്രമം ഉത്രാടക്കാർക്ക് പ്രതാപവും, ഐശ്വര്യവും കൊണ്ട് വരും. ചില വിശേഷപ്പെട്ട സ്ഥാനമാനങ്ങൾ ലഭിക്കും. സഹോദര സ്ഥാനത്തു ഉള്ളവർക്ക് ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാകും. ഇശ്വരാനുഗ്രഹവും, ഭാഗ്യവർദ്ധനവും ഉണ്ടാകും. പഴയ ചില ഗുരുക്കന്മാരെ കണ്ടുമുട്ടാനും അവരുടെ അനുഗ്രഹത്തിന് പത്രമാകാനും സാധിക്കും . വിവാഹലാഭം, ഭൂമിലാഭം, ധനനേട്ടം, പൊതു പ്രവർത്തകർക്ക് പേരും പ്രസിദ്ധിയും ഒക്കെ സിദ്ധിക്കും.
ഇടവം
കുടുംബന്ധു ജനങ്ങൾ ആയി സൗഹൃദത്തിൽ കഴിയും, പേരക്കുട്ടികളുടെ വിവാഹ മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ യോഗം. സത്സന്താന ഭാഗ്യം ഉണ്ടാകും.സഹോദരനോ ആ സ്ഥാനത്തുള്ളവരിൽ നിന്നോ ഗുണാനുഭവങ്ങളോ സാമ്പത്തിക സഹായമോ പ്രതീക്ഷിക്കാം. ഭാര്യാ ഭർതൃ ഐക്യം പ്രതീക്ഷിക്കാം, മൊത്ത വിതരണ രംഗത്ത് ഉള്ളവർക്ക് സാമ്പത്തിക ഭാഗ്യം. അന്യസ്ത്രീകൾ മുഖാന്തരം ഭാഗ്യം കൈവരും. വ്യവഹാര വിജയം ശത്രുഹാനി ഒക്കെയും പ്രതീക്ഷിക്കാം.
മിഥുനം
വിദ്യാർത്ഥികൾക്ക് വിദേശവാസം അനുഭവത്തിൽ വരും, വായനാശീലം കൂടും. സാഹിത്യകാർക്ക് ശോഭിക്കാൻ സാധിക്കും. നൃത്ത സംഗീത രംഗത്തുള്ളവർക്ക് പേരും പെരുമയും ഉണ്ടാകുന്ന സമയം ആണ്. ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥികളക്ക് മികച്ച തൊഴിൽ അവസരങ്ങൾ വന്നു ചേരും. പ്രവാസം കാരണം അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഇനി ഒരുമിച്ചു ജീവിക്കാൻ ഉള്ള അവസരം കൈവരും. മനഃസന്തോഷം, ഉത്സാഹവർദ്ധനവ്, സർക്കാർ, സർക്കാർ ഇതര ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ഒക്കെയും ഫലം.
കർക്കടകം
നല്ല വിവാഹ ബന്ധം വരും എങ്കിലും അപവാദങ്ങൾ മൂലം വിവാഹതടസ്സം, ശത്രുശല്യം, ഉദരപീഡ ഒക്കെയും ഉണ്ടാകും, എന്നാൽ കുടുംബബന്ധു ജനങ്ങളെ കൊണ്ട് സഹായം. പുത്രാ ഭാഗ്യം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. സാഹസിക തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. സൈനിക, അർദ്ധ സൈനിക തൊഴിൽ ചെയ്യുന്നവർക്ക് അപ്രതീക്ഷികാ തൊഴിൽ കയറ്റത്തിന് സാധ്യത. വിദേശത്തു തൊഴിൽ അവസരങ്ങൾ വന്നു ചേരും. യാത്രകളിൽ ജാഗ്രത പുലർത്തുക. അപകടങ്ങൾ വന്നേക്കാം.
പൊതുവിൽ നല്ല വര്ഷമായിരിക്കും എങ്കിലും അല്ലറ ചില്ലറ മനഃപ്രയാസങ്ങൾ പ്രതീക്ഷിക്കാം. ഭക്ഷണ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുക. വിഷബാധക്ക് സാധ്യത ഉണ്ട്. വിവാഹത്തിന്ന് അനുകൂല കാലം ആണ്. സന്താന ഭാഗ്യം ഉണ്ടാകും. വിദ്യാർത്ഥികളക്ക് വിദേശത്തു ഉപരി പഠനം നടത്താൻ സാധിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August to 2024 August
Comments