തൃശൂർ: അച്ഛന്റെ മരണാനന്തരച്ചടങ്ങുകൾ നടക്കുമ്പോൾ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന പരേഡിന്റെ പൂർണച്ചുമതല നിർവ്വഹിച്ച് തൃശൂർ വനിതാ സെൽ സി.ഐ പി.വി സിന്ധു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനിയിലായിരുന്നു പരിപാടികൾ നടന്നത്. ഇന്നലെ നടന്ന പരേഡിന്റെ പൂർണച്ചുമതലയുണ്ടായിരുന്ന കമാൻഡന്റായിരുന്നു സിന്ധു. ജില്ലയുടെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങിൽ ആദ്യമായാണ് ഒരു വനിതാ കമാൻഡന്റ് പരേഡ് നയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു പരേഡിന്റെ ഒരുക്കങ്ങൾ. തുടർന്ന് ഇത്തവണ പി.വി സിന്ധുവിനെ കമാൻഡന്റായി നിയോഗിക്കുകയായിരുന്നു. എന്നാൽ ഇതിനുവേണ്ടി പരിശ്രമിക്കുമ്പോഴായിരുന്നു അച്ഛൻ തൈക്കാട്ടുശേരി പുല്ലാനിക്കൽ വീട്ടിൽ വാസു മരിച്ചത്. സംഭവമറിഞ്ഞ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ട് മനസിലാക്കി മറ്റൊരാളെ നിയോഗിക്കാമെന്ന് നിർദ്ദേശിച്ചെങ്കിലും സിന്ധു തന്നെ ചെയ്യാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. നിശ്ചയദാർഢ്യത്തോടെ കർത്തവ്യം നിറവേറ്റുക എന്നുമാത്രമായിരുന്നു സിന്ധുവിന്റെ ലക്ഷ്യം.
ഇന്നലെയായിരുന്നു പിതാവിന്റെ അടിയന്തിരച്ചടങ്ങുകൾ. ഇത് സിന്ധുവിന്റെ സഹോദരങ്ങൾ ചേർന്ന് നടത്തി. രാവിലെ എഴരയ്‌ക്ക് തന്നെ പരേഡ് ഗ്രൗണ്ടിലെത്തി ചുമതല നിറവേറ്റിയ സിന്ധു, മന്ത്രി കെ. രാജനൊപ്പം പരേഡ് വീക്ഷിക്കാൻ അനുഗമിക്കുകയും ചെയ്തിരുന്നു. തുടർന്ന് പരേഡ് കഴിഞ്ഞ് രാവിലെ 11.30 ഓടെയാണ് തൈക്കാട്ടുശേരിയിലെ വീട്ടിലെത്തി മരണാനന്തരച്ചടങ്ങുകളിൽ പങ്കുകൊണ്ടത്.
നേരത്തെ ഏറ്റെടുത്ത ചുമതലയായിരുന്നു. ഏറ്റെടുത്ത ജോലി കൃത്യതയോടെ ചെയ്യണമെന്ന് അച്ഛൻ പറയാറുണ്ടെന്നും അതുകൊണ്ട് അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും എന്നുമാണ് പി.വി. സിന്ധു ഈ വിഷയത്തിൽ പ്രതികരിച്ചത്.
സംസ്ഥാനത്തിന് തന്നെ മാതൃകയായ വനിതാ ബുള്ളറ്റ് പട്രോളിംഗ് ടീമിന് നേതൃത്വം നൽകിയതും സംസ്ഥാനത്തെ ആദ്യത്തെ സ്റ്റേഷൻ ചുമതല വഹിച്ച എസ്.ഐയും സിന്ധുവാണ്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും സിന്ധു നേരത്തെ അർഹയായിട്ടുണ്ട്. മാത്രമല്ല, ജില്ലയിൽ ആദ്യമായി രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ നേടിയ ആദ്യ വനിത കൂടിയാണ് ഇവർ.
Comments