ന്യൂഡൽഹി: വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. ഡൽഹി ആസ്ഥാനത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് യോഗം വിളിച്ചു ചേർക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര തിരഞ്ഞെടുപ്പ് പാനലിലെ മറ്റ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനും തിരഞ്ഞെടുപ്പ് നടപടികൾ ആവിഷ്‌കരിക്കുന്നതിനുമാണ് യോഗം വിളിച്ച് ചേർക്കുന്നത്. ബിജെപിയുടെ പ്രധാന തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി പാനൽ യോഗം ചേരാറുണ്ട്. മിസോറാം, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് വർഷാവസാനം തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപിയുടെ സ്ഥാനം ഇത്തവണയും ഉറപ്പിക്കുക എന്നതാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. സ്ഥാനാർത്ഥികളെ മുൻകൂട്ടി നിശ്ചയിക്കുക, പ്രചാരണ പരിപാടികൾ വിപുലമാക്കുക, കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീച്ചാണ് യോഗം നടത്തുന്നതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
Comments