ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവിലെ ദർശന ക്രമം ചിങ്ങപ്പിറവി മുതൽ മാറുകയാണ്. ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകും വിധമാണ് ക്രമീകരണം. തെക്ക് കുലശേഖര മണ്ഡപത്തിന് അരികിലൂടെ അകത്ത് കിഴക്കേ നടയിലെത്തി നരസിംഹ മൂർത്തിയെ വണങ്ങിയ ശേഷം ഒറ്റക്കൽ മണ്ഡപത്തിലെത്തി വടക്കു ഭാഗത്ത് കൂടെ പുറത്തിറങ്ങുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് ശേഷം അപ്രദക്ഷിണമായി വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരെ തൊഴുത് വണങ്ങിയ ശേഷം നരസിംഹസ്വാമി ക്ഷേത്രത്തിന്റെ പുറകിലെത്തി തിരികെ മടങ്ങുകയാണ് പതിവ്. എല്ലാ നിലവറകളും ഉള്ള അതീവ സുരക്ഷാ മേഖലയാണിത്.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് പുതിയ രീതി. കിഴക്ക് ഭാഗത്ത് നിന്നെത്തുന്ന ഭക്തരുടെ നിര ആലുവിളക്ക് ചുറ്റി വടക്കു ഭാഗത്തുകൂടി ശ്രീകോവിലിൽ പ്രവേശിക്കും. ശ്രീരാമസ്വാമി, വിഷ്വക്‌സേനൻ മൂർത്തി എന്നിവരെ തൊഴുത് വണങ്ങിയ ശേഷം ശ്രീപദ്മനാഭന്റെ പാദ ഭാഗത്ത് കൂടി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. ഇതിന് ശേഷം ശിരോഭാഗം തൊഴുത് തെക്കേനടയിലൂടെ നരസിംഹമൂർത്തിയെ വണങ്ങി പ്രദക്ഷിണമായി വടക്കേനട വഴിയിലൂടെ പുറത്തിറങ്ങുന്നതാണ് പുതിയ രീതി. ഇതിന് ശേഷം എത്തുന്ന ഭക്തർക്ക് അർച്ചന പ്രസാദം ക്ഷേത്രത്തിന് പുറക് വശത്തായുള്ള മണ്ഡപത്തിൽ വെച്ച് വിതരണം ചെയ്യും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം എപ്രകാരമെന്നത് ഓരോ ഭക്തനും വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് എങ്ങനെയെന്ന് നോക്കാം.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന ഭക്തൻ ആദ്യം തൊഴേണ്ടത് തിരുവമ്പാടി ശ്രീകൃഷ്ണനെയാണ്. ഇതിന് ശേഷം ക്ഷേത്രപാലനെ വണങ്ങണം. ഇത് കഴിഞ്ഞ് കിഴക്കേ നടയിലെത്തി സ്വർണകൊടിമരത്തെ പ്രദക്ഷിണം ചെയ്ത് ഇടത്തോട്ട് തിരിഞ്ഞ് ശാസ്താവിനെ വണങ്ങണം. ശേഷം വടക്കേ നടവഴി അകത്തേക്ക് കയറി നരംസിംഹ സ്വാമി, വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരെ തൊഴുത ശേഷം പ്രദക്ഷിണം വെച്ച് വരണം. തുടർന്ന് ശ്രീരാമൻ,സീത, ലക്ഷ്മണാദികളെയും നിർമ്മാല്യധാരിയായ വിഷ്വക്‌സേനനെയും വണങ്ങി ശ്രീപദ്മനാഭന്റെ സന്നിധിയിലെത്തണം. ആദ്യം പാദവും പിന്നീട് ഉടലും ഇതിന് ശേഷം ശിരസും തൊഴണം.
Comments