ചന്ദ്രയാൻ-3 ന്റെ വിജയക്കുതിപ്പിൽ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടെന്ന് മുൻ ഐഎസ്ആർഒ മേധാവി കെ. ശിവൻ. ഓഗസ്റ്റ് 23 എന്ന സുദിനത്തിൽ ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ വിക്രം ചന്ദ്രന്റെ ഉപരിതലത്തിൽ സ്പർശിക്കും. ആ മഹത്തായ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യയുടെ യശസ് വാനോളം ഉയരുമെന്നതിൽ തികഞ്ഞ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒയുടെ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചയാളായിരുന്നു കെ. ശിവൻ.
ചന്ദ്രയാൻ 2 ദൗത്യത്തെ ഓർത്തെടുക്കുകയും ചെയ്തു അദ്ദേഹം. ചന്ദ്രയാൻ മൂന്ന് പോലെ തന്നെ ഈ ഘട്ടങ്ങളെല്ലാം തന്നെ വിജയകരമായി ചന്ദ്രയാൻ-2 നും പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ലാൻഡിംഗ് സമയത്തായിരുന്നു പ്രതീക്ഷകൾ തകർത്ത പ്രശ്നം ഉടലെടുത്തതെന്നും ദൗത്യം പരാജയപ്പെട്ടതും. എന്നാൽ ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് ആ നിമിഷത്തിനായി കാത്തിരിക്കുന്നത്. പരാജയങ്ങളിൽ നിന്ന് ഉൾക്കൊണ്ട് കൂടുതൽ സുരക്ഷയോടെയാണ് പേടകം ഇപ്പോൾ യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയേറെ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രയാൻ-3 അതിന്റെ ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയകളെല്ലാം തന്നെ വിജയകരമായി പൂർത്തിയാക്കി. അടുത്ത ഘട്ടം നാളെ നടക്കാനിരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വേർപെടുത്തുന്ന ഘട്ടമാണ്. ബഹിരാകാശത്ത് നടക്കുന്ന ഏതൊരു പ്രവർത്തനവും നിർണായകമായതിനാൽ തന്നെ നാളെയും ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന പ്രവർത്തനം ചന്ദ്രയാൻ-3നെ രണ്ട് ഭാഗങ്ങളായി വേർതിരിക്കുന്നു. ഇത് നിർണായകമാണ്. വിജയകരമായി മുന്നേറുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments