ആരോഗ്യം നിലനിർത്താനുള്ള ഉത്തമ മാർഗമാണ് വ്യായാമം. എന്നാൽ ജോലിത്തിരക്കുകൾ കാരണം പലർക്കും വ്യായാമം ചെയ്യാൻ സമയം ലഭിക്കാറില്ല. ചിലർ രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്ത ശേഷം പലകാരണങ്ങളാലും വ്യായാമം നിർത്താറുമുണ്ട്. എന്നാൽ വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് വഴി നിരവധി ഗുണങ്ങളാണ് വന്നുചേരുന്നത്. ഇത്തരത്തിൽ വ്യായാമം ശീലമാക്കിയാൽ ഒൻപത് തരത്തിലുള്ള കാൻസറുകൾ വരാനുള്ള സാധ്യത കുറയ്‌ക്കാനാകുമെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പഠന റിപ്പോർട്ട്. ബ്രിട്ടീഷ് ജേർണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിർബന്ധിത സൈനിക സേവനം നടത്തിയിട്ടുള്ള ഒരു ദശലക്ഷത്തോളം സ്വീഡിഷ് പൗരന്മാരുടെ രേഖകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 33 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. ദിവസവും ഓടുന്നവരിലും സൈക്കിൾ ചവിട്ടുന്നവരിലും നീന്തുന്നവരിലും ശ്വാസകോശാർബുദ സാധ്യത 42 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ഇക്കൂട്ടരിൽ തന്നെ കരളിലുണ്ടാകുന്ന കാൻസർ സാധ്യത 40 ശതമാനവും അന്നനാള കാൻസർ വരാനുള്ള സാധ്യത 39 ശതമാനവും കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴുത്തിലെയും തലയിലെയും കാൻസർ, ഉദരാർബുദം, പാൻക്രിയാറ്റിക് കാൻസർ, കിഡ്‌നിയിലെ കാൻസർ തുടങ്ങിയവയുടെ സാധ്യതയും വ്യായാമം ചെയ്യുന്നവരിൽ കുറവായിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഫിറ്റ്‌നസ് ലെവൽ കൂടുന്നതിനനുസരിച്ച് കാൻസർ സാധ്യത കുറയുന്നതായാണ് പഠനത്തിൽ കണ്ടെത്തിയത്. ദിവസേന 11 മിനിറ്റ് വ്യായാമം ചെയ്യുന്നത് പലയിനം കാൻസർ രോഗങ്ങളുടെ സാധ്യത കുറയ്‌ക്കുമെന്ന് മാർച്ചിൽ പുറത്തിറക്കിയ മറ്റൊരു പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Comments