മലപ്പുറം: മാലിന്യകുഴിയ്ക്ക് സമീപം മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുവ്വൂർ സ്വദേശി വിഷ്ണുവിന്റെ വീട്ടുപറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും കാണാതായ പ്രദേശവാസിയായ യുവതിയുടേതാണെന്നാണ് പ്രാഥമിക നിഗമനം.
ഈ മാസം 11-ാം തീയതി മുതലാണ് തുവ്വൂർ കൃഷിഭവനിലെ താത്കാലിക ജീവനകാരിയായിരുന്ന സുനിതയെ കാണാതാവുന്നത്. 35 വയസുകാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേയാണ് സമീപപ്രദേശത്തെ വീട്ടുപറമ്പിൽ നിന്നും മൃതദേഹം കിട്ടിയിരിക്കുന്നത്. ഇത് കേസ് അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
തുവ്വൂർ പഞ്ചായത്തിലെ മുൻ ജീവനകാരനായിരുന്ന വിഷ്ണുവിനെ കരുവാരകുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് പുറത്തുവരുന്ന സൂചന. ഫോറൻസിക് ഉദ്യോഗസ്ഥരും മറ്റു വിദഗ്ധ സംഘങ്ങളും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം കാണാതായ സുജിതയുടെ തന്നെയാണോ എന്നറിയാൻ കൂടുതൽ പഠനങ്ങൾ നടത്തണമെന്നും കൊലപാതകത്തിൽ മറ്റാളുകൾക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പോലീസ് അറിയിച്ചു.
Comments