മലപ്പുറം: യുവതിയെ കൊന്ന് മാലിന്യ കുഴിയിൽ തള്ളിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകനായ വിഷ്ണു, വിഷ്ണുവിന്റെ അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്,ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് അറസ്റ്റിലായത്. സുജിതയെ കൊന്നത് ആഭരണങ്ങൾ കവരാനാണെന്നാണ് വിഷ്ണുവിന്റെ മൊഴി. തുവ്വൂർ പഞ്ചായത്തിലെ മുൻ ജീവനക്കാരനാണ് പ്രാദേശിക കോൺഗ്രസ് നേതാവായ വിഷ്ണു.
ഈ മാസം 11 മുതലാണ് 35-കാരിയായ സുജിതയെ കാണാതാവുന്നത്. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ഇക്കാര്യം ഫേസ്ബുക്കിലടക്കം പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് പങ്കുവച്ചവരിൽ പ്രതി വിഷ്ണുവും ഉൾപ്പെടുന്നു. സംശയം തോന്നാതിരിക്കാൻ അതിവിദഗ്ധമായ നീക്കങ്ങളാണ് പ്രതി നടത്തിയിരുന്നത്.
തുവ്വൂർ കൃഷി ഭവനിൽ താത്കാലിക ജീവനകാരിയായിരുന്ന സുജിതയെ കാണാതായ ദിവസം അവസാനമായി ഫോണിൽ വിളിച്ചത് വിഷ്ണുവാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ പിടയിലാവുന്നത്. ചോദ്യം ചെയ്യലിൽ വിഷ്ണു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യ കുഴിയിൽ നിന്നും സുജിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
Comments