ന്യൂഡൽഹി: റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുത്തൻ പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്ര സർക്കാർ. ‘ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം’ അല്ലെങ്കിൽ ഭാരത് എൻസിപി എന്ന പദ്ധതിക്കാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി തുടക്കം കുറിച്ചത്. റോഡ് സുരക്ഷ വർദ്ധിപ്പിച്ച് അപകട മരണങ്ങളുടെ നിരക്ക് കുറയ്‌ക്കുകയാണ് ലക്ഷ്യം. മൂന്ന് മുതൽ അഞ്ച് ടൺ വരം ഭാഗമുള്ള വാഹനങ്ങൾക്കായുള്ള മാനദണ്ഡങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.
ഘടനാപരമായ സമഗ്രത, യാത്രക്കാരുടെ സംരക്ഷണം, കുട്ടികളുടെ സുരക്ഷാ വ്യവസ്ഥകൾ എന്നിവ വിലയിരുത്തുന്നതിനായി ഇന്ത്യയിൽ നിർമ്മിക്കുന്ന എല്ലാ പുതിയ വാഹനങ്ങളുടെയും കർശനമായ ക്രാഷ് ടെസ്റ്റുകളും സുരക്ഷാ വിലയിരുത്തലുകളും നടത്തുമെന്ന് മാനദണ്ഡങ്ങളിൽ പറയുന്നു. സുരക്ഷ വിലയിരുത്താനായി കാർ ഉപഭോക്താക്കൾക്ക് ഒരു ഉപകരണം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് (എഐഎസ്) 197 അനുസരിച്ച് കാർ നിർമ്മാതാക്കൾക്ക് കാറുകളുടെ സുരക്ഷ സ്വമേധയാ വിലയിരുത്താവുന്നതാണ്.
പുതിയ കാർ വാങ്ങുന്നതിന് മുൻപ് വിവിധ കാര്യങ്ങളിൽ താരതമ്യം നടത്താൻ ഭാരത് എൻസിപി സഹായകമാകും. ഇതിന്റെ അടിസ്ഥാനത്തിൽ കാറുകൾക്ക് റേറ്റിംഗ് നൽകുന്നതിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഒക്ടോബർ ഒന്ന് മുതലാകും ഭാരത് എൻസിപി പ്രാബല്യത്തിൽ വരിക. കാറുകൾക്ക് ഒന്ന് മുതൽ അഞ്ച് വരെ സ്റ്റാർ സ്‌കെയിൽ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും റേറ്റിംഗ് നടത്തുക. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കാർ നിർമാതാക്കളെ സഹായിക്കാൻ ഭാരത് എൻസിപിക്ക് കഴിയും.
നിരവധി കാർ നിർമാതാക്കളാണ് പദ്ധതിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്. ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയുടെ മികച്ച ചുവടുവെപ്പാണ് പുതിയ പദ്ധതിയെന്നാണ് ടൊയോട്ട, മാരുതി, സുസുക്കി. മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ കാർ നിർമാതാക്കൾ പറഞ്ഞത്. ഇന്ത്യൻ കാറുകളെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ ആഗോള വിപണിയിൽ അവതരിപ്പിക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
Comments