എറണാകുളം: കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇതിനായി കെഎസ്ആർടിസിയ്ക്ക് വേണ്ട സഹായം സർക്കാർ നൽകണമെന്നും സർക്കാരിന്റെ സഹായം കെഎസ്ആർടിസി നിഷേധിക്കാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ശമ്പളം ഉറപ്പാക്കണമെന്ന കെഎസ്ആർടിസി ജീവനക്കാരുടെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കെഎസ്ആര്‍ടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ലെന്നും കോടതി പറഞ്ഞു. കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.
കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമായിരിക്കെ പുതുതായി വാങ്ങിയ 60 ഇലക്ട്രിക് ബസുകള്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി സിറ്റി സർവീസുകൾക്കായാണ് ബസുകള്‍ വാങ്ങിയത്. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചാല ഗവ. മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂള്‍ ഗ്രൗണ്ടിൽ നിർവഹിക്കും.
Comments