ഒറ്റനോട്ടത്തിൽ ഇത് കൊട്ടാരമെന്ന് തോന്നിയേക്കാം. അവിശ്വസനീയമായി തോന്നാമെങ്കിലും ശരിക്കും ഇതൊരു ആഡംബര ശുചിമുറിയാണ് എന്നതാണ് സത്യം. തായ്‌ലൻഡിൽ സ്ഥിതിചെയ്യുന്ന അസാധാരണമായ ബാത്ത്‌റൂമിന്റെ വിശേഷങ്ങൾ കൃഷാംഗി എന്ന യുവതിയാണ് സാമൂഹ്യമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്.
ഒരു ബാത്ത്‌റൂമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല, എന്നാൽ ഞാൻ കാണിക്കാൻ പോകുന്ന ബാത്ത് റും അവിശ്വസനീയമാണെന്ന് പറഞ്ഞ് കൊണ്ടാണ് കൃഷാംഗി വീഡിയോ ആരംഭിക്കുന്നത്. സ്വർണ നിറത്തിലുള്ള അലങ്കാരങ്ങളും മനോഹരമായ ഡിസൈനുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഈ ബാത്ത്‌റൂം. തികച്ചും കൊട്ടാരത്തോട് രൂപ സാദൃശ്യമുള്ള കെട്ടിടം. ബാത്ത്‌റൂമിന് പുറത്തായി വലിയൊരു പൂന്തോട്ടവുമുണ്ട്.
അത്ഭുതം തോന്നുന്ന തരത്തിലാണ് ബാത്ത്‌റൂമിന്റെ രൂപകൽപ്പന ചെയ്തിട്ടുള്ളത്. വളരെ വിസ്തീർണമായ സ്ഥലത്താണ് ബാത്തറൂം നിർമ്മിച്ചിരിക്കുന്നത്. പുറത്തായി പച്ച പരവതാനി വിരിച്ചിരിക്കുന്ന പോലെയുള്ള മുറ്റം. നിരവധി പേരാണ് അത്ഭുതകരമായ ബാത്ത്‌റൂമിന്റെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങളെടുക്കാനുമായി ഇവിടെയെത്തുന്നത്.















