ടെക്, നോൺ-ടെക് കമ്പനികളിലെ ഉന്നത സ്ഥാനങ്ങൾ കൈയാളുന്നത് ഇന്ത്യൻ വംശജരായ എക്സിക്യൂട്ടീവുകളാണ്. ഇതിന്റെ ലിസ്റ്റ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ട്വിറ്ററിൽ (എക്സ്) പങ്കുവെച്ചിരുന്നു. പോസ്റ്റ് വളരെ പെട്ടന്ന് തന്നെ തരംഗമായി മാറി. ഇതിന് പിന്നാലെ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. ലിസ്റ്റ് ‘മതിപ്പുളവാക്കുന്നു’ എന്നാണ് ടെസ്ല മേധാവിയുടെ പ്രതികരണം.
മൈക്രോസോഫ്റ്റ്, യൂട്യൂബ്, അഡോബ് എന്ന് തുടങ്ങി നിരവധി കമ്പനികളിൽ ഇത്തരത്തിൽ ഇന്ത്യൻ വംശജരാണ് ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നത്. സ്റ്റാർബക്സ് മേധാവി ലക്ഷ്മൺ നരസിംഹൻ, കോഗ്നിസന്റ് മേധാവി രവികുമാർ എസ്, മൈക്രോൺ ടെക്നോളജി മേധാവി സഞ്ജയ് മെഹ്റോത്ര, ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ഹൗസ് ചാനലിന്റെ ഗ്ലോബൽ സിഇഒ ലീന നായർ, ലോകബാങ്കിന്റെ 14-ാമത് പ്രസിഡന്റായ അജയ് ബംഗയും എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യയോടുള്ള മസ്കിന്റെ അടുപ്പം ഇതിന് മുൻപും ചർച്ചയായിട്ടുണ്ട്. താൻ 2024-ൽ ഇന്ത്യ സന്ദർശിക്കാൻ കാത്തിരിക്കുകയാണെന്ന് അറിയിച്ച് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരുന്നു. അമേരിക്കയിലെത്തിയ പ്രധാനമന്ത്രിയോടൊപ്പം കൂടികാഴ്ച നടത്തിയതും സമൂഹമാദ്ധ്യമത്തിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ടെസ്ല ഇന്ത്യയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
Comments