ഡൽഹി: ചന്ദ്രനിൽ ഇന്ത്യ എത്തിയതുപോലെ സൂര്യനിലും ഇന്ത്യ എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമൃത് കലശ് യാത്രയ്‌ക്ക് തുടക്കമിട്ട് ‘മേരാ മട്ടി മേരാ ദേശ് ‘ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യയുടെ സൗര പര്യവേക്ഷണ ദൗത്യത്തെപ്പറ്റി അമിത് ഷാ പറഞ്ഞത്. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനുളള ഐക്യവും പ്രതിബദ്ധതയും വളർത്തുന്നതിന് പദ്ധതി ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, അനുരാഗ് ഠാക്കൂർ, മീനാക്ഷി ലേഖി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
‘ചന്ദ്രന്റെ അജ്ഞാതമായ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 3 വിജയകരമായി ഇറങ്ങി. ഇപ്പോൾ, ഐഎസ്ആർഒ രാജ്യത്തിന്റെ കന്നി സൗരോർജ്ജ ദൗത്യമായ ആദിത്യ-എൽ 1 വിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണ്. 75 വർഷത്തിനുള്ളിൽ നമ്മൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു. നമ്മൾ ചന്ദ്രനിലെത്തി, ഉടൻ തന്നെ സൂര്യനരികിലും എത്തും. ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പരീക്ഷണങ്ങൾ നടത്തുകയാണ്. നിരവധി രഹസ്യങ്ങൾ ഇനി അനാവരണം ചെയ്യപ്പെടുമെന്ന് ശാസ്ത്രജ്ഞർ ഉറപ്പു നൽകുന്നു’- അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യം, ആദിത്യ എൽ 1 നാളെയാണ് വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11:50 നാണ് വിക്ഷേപണം നടക്കുക. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. വിക്ഷേപണ കൗണ്ട്ഡൗൺ ആരംഭിച്ചിട്ടുണ്ട്. നാല് മാസത്തെ യാത്രയാണ് ആദിത്യ എൽ 1-ന്റേത്. 125 ദിവസമെടുത്താകും പേടകം ലക്ഷ്യസ്ഥാനത്തെത്തുക. ഭൂമിയിൽ നിന്നും ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാകും ഉപഗ്രഹമെത്തുന്നത്. സൂര്യന്റെയും ഭൂമിയുടെയും ഭ്രമണപഥത്തിനിടയിൽ വരുന്ന ഒന്നാം ലെഗ്രാഞ്ചേ ബിന്ദു അഥവാ എൽ1 കേന്ദ്രീകരിച്ചാകും ആദിത്യയുടെ യാത്ര.
Comments