രാജ്യത്തിന് എന്നെന്നും സ്മരിക്കാവുന്ന ദിനമാണ് ഓഗസ്റ്റ് 23. കാരണം മറ്റൊന്നുമല്ല,രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3, ചന്ദ്രന്റെ ഉപരിതലത്തിൽ കാൽ പതിച്ച ദിനമായിരുന്നു അത്. 140 കോടി ജനങ്ങളുടെ പ്രതീക്ഷയാണ് 6.04 എന്ന ധന്യമൂഹൂർത്തത്തിൽ സഫലമായത്.
ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെയും മറ്റ് പ്രവർത്തകരുടെയും വിയർപ്പിന്റെ ഫലമാണ് ചന്ദ്രയാൻ-3. ഇന്ത്യയുടെ പേടകം വിജയകരമായി ദൗത്യം പിന്നിടുമ്പോൾ രസകരമായ വാർത്തയാണ് പുറത്തുവരുന്നത്. ചന്ദ്രയാൻ-3-ന്റെ വിജയത്തിന് പിന്നിൽ മസാലദോശയ്‌ക്കും ഫിൽട്ടർ കോഫിക്കും പങ്കുണ്ട്!
ആദ്യം ചിരി വരുമെങ്കിലും കാര്യം സത്യമാണ്. ചന്ദ്രയാൻ-3ന്റെ പിന്നിൽ പ്രവർത്തിക്കുന്ന ടീമിന് എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്ക് സൗജന്യമായി മസാലദോശയും ഫിൽട്ടർ കോഫിയുമാണ് നൽകിയിരുന്നത്. വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ശാസ്ത്രജ്ഞനായ വെങ്കിടേശ്വര ശർമ്മയാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരത്തിൽ ചായയും മസാലദോശയും നൽകിയത് ശാസ്ത്രജ്ഞർക്ക് ഊർജ്ജം പകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധിക സമയം ജോലിയിൽ തുടരാൻ ശാസ്ത്രജ്ഞർക്ക് ഇത് പ്രചോദനമായെന്നും ശർമ്മ പറയുന്നു.
ലോകത്തെ തന്നെ ഞെട്ടിച്ചത് ദൗത്യത്തിന് ചെലവായ തുകയാണ്. 165 കോടി രൂപ ചെലവ് മാത്രമാണ് ചന്ദ്രനിലേക്ക് പേടകത്തെ അയക്കാൻ ചെലവായത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഹോളിവുഡ് സിനിമകൾ പോലും ഇതിലും അധികം തുകയ്‌ക്കാണ് നിർമ്മിക്കുന്നതെന്നിരിക്കെ ഇസ്രോ കൈവരിച്ച നേട്ടം വളരെ വലുതാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രോ മുൻ മേധാവി സുരേന്ദ്ര പാലും ഓർമ്മകൾ പങ്കുവെച്ചു. വെറും 150 രൂപ ചെലവിൽ കാളവണ്ടിയിൽ വാർത്താ വിനിമയ ഉപഗ്രഹം കയറ്റി, വിക്ഷേപണത്തിന് അയക്കുന്ന കാലത്ത് നിന്ന് ഇവിടെ വരെ എത്താൻ രാജ്യത്തിനായി. അവശ്യവസ്തുക്കൾക്കായി മാത്രമാണ് തങ്ങൾ തുക ചെലവഴിക്കുന്നതെന്നും ശാസ്ത്രജ്ഞരുടെ പരിശ്രമവുമാണ് വിജയങ്ങൾക്ക് പിന്നിലെന്നും സുരേന്ദ്ര പാൽ പറഞ്ഞു.
Comments