ഇടുക്കി: വാഗമണ്ണിൽ മൂന്ന് കോടി രൂപ മുടക്കി ഡിടിപിസി നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്വത്തോടെ നിർമ്മിച്ച ചില്ലുപാലം നാളെ വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കും. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലമാണിത്. 40 മീറ്റർ നീലമുളള പാലം നാളെ വൈകിട്ട് 5 മണിയ്‌ക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസികതയ്‌ക്കാണ് വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിൽ അവസരം ഒരുങ്ങിയിട്ടുള്ളത്. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്‌സും ചേർന്നാണ് സഞ്ചാരികൾക്കായി പാലം ഒരുക്കിയിട്ടുള്ളത്. 120 അടി നീളമുളള പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ജർമ്മനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ്. 35 ടൺ സ്റ്റീലും ഈ പാലം നിർമ്മാണത്തിന് വേണ്ടി വന്നു.
120 അടി നീളമുളള ചില്ലുപാലത്തിൽ ഒരേ സമയം 15 പേർക്ക് കയറാം. 500 രൂപയാണ് പാലത്തിലേക്കുള്ള പ്രവേശനഫീസ്. ആകാശ ഊഞ്ഞാൽ, സ്‌കൈ സെക്ലിംഗ്, സ്‌കൈ റോളാർ, റോക്കറ്റ് ഇൻജക്ടർ, ഫ്രീഫാൾ മുതലായവയും പാർക്കിലുണ്ട്. സമുദ്ര നിരപ്പിൽനിന്ന് 3500 അടി ഉയരത്തിലുള്ള പാലത്തിൽ കയറിയാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാൻ സാധിക്കും. ഇടുക്കിയിലെയും വാഗമണ്ണിലെയും ടൂറിസം മേഖലയ്‌ക്ക് ഗ്ലാസ് ബ്രിഡ്ജ് വാക്കിംഗ് പുത്തൻ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments