ലോകത്തിന്റെ കണ്ണും കാതും ഭാരതത്തിലാണ്. നയതന്ത്രത്തിന്റെ ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഡൽഹി. ജി20 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ 30 രാജ്യങ്ങളുടെ പ്രതിനിധികളാണ് രാജ്യത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ ഊഷ്മള സ്വീകരണമാണ് നൽകിയത്. രാഷ്‌ട്രത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും പ്രദർശിപ്പിക്കുന്ന മഹത്തായ ചിഹ്നമായ കൊണാർക്ക് ചക്രത്തിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്‌ട്ര തലവന്മാരെ പ്രധാനമന്ത്രി സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
സവിശേഷ സന്ദർശനം എന്നാണ് ജി20-യ്‌ക്കായി എത്തിയ യുകെ പ്രധാനമന്ത്രി ഋഷി സുനക് വിശേഷിപ്പിച്ചത്. മറുപടിയായി ഇന്ത്യയുടെ മരുമകൻ എന്നാണ് പ്രധാനമന്ത്രി വിളിച്ചത്. പിന്നാലെ ഇരുവരിലും ചെറു പുഞ്ചിരി വിരിഞ്ഞത് സൗഹൃദബന്ധത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു.
കൈ കൊടുത്ത് നിറഞ്ഞ് ചിരിച്ചാണ് പ്രധാനമന്ത്രി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ സ്വീകരിച്ചത്. നീല സ്യൂട്ടിലായിരുന്നു ജോർജിയ ആദ്യ ദിനം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയത്.
ഇന്ത്യയുടെ പൈതൃകത്തിന്റെ ജീവിക്കുന്ന ചിത്രമായ കൊണാർക് ചക്രം പരിചയപ്പെടുത്തിയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് സ്വീകരണം നൽകിയത്. ജനാധിപത്യ ആദർശങ്ങളുടെ പ്രതിരോധശേഷിയും സമൂഹത്തിലെ പുരോഗതിയോടുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന ജനാധിപത്യ ചക്രത്തിന്റെ പ്രതീകമായാണ് കാലചക്രം നിലകൊള്ളുന്നത്.
തണുത്തുറഞ്ഞ നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് യുഎസും റഷ്യയും. എന്നാൽ യുഎസ് പ്രസിഡന്റും റഷ്യൻ സെർജിയും ഭാരത് മണ്ഡപത്തിലെ ക്യാമറ കണ്ണിൽ, ഒരേ ഫ്രെയിമിൽ കുടുങ്ങി. യുക്രെയ്‌നുമായുള്ള സംഘർഷവും ചൈനയുമായി വർദ്ധിച്ചുവരുന്ന അടുപ്പവുമാണ് യുഎസ് റഷ്യയെ അകറ്റി നിർത്തുന്നത്.
ഉച്ചകോടിയിലെ ഏറ്റവും ഹൃദയസ്പർശിയായ ചിത്രമാണ് ആഫ്രിക്കൻ യൂണിയനിൽ സ്ഥിരാംഗത്വം നൽകിയതിന് പിന്നാലെ ആഫ്രിക്കൻ യൂണിയൻ മേധാവി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തത്.
ഉച്ചകോടി ആരംഭിക്കുന്നതിന് മുൻപുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിൽ ഏറ്റവും രസകരമായ ചിത്രമാണ് കുശലാന്വേഷണം നടത്തുന്ന ഋഷി സുനകും ബൈഡനും. പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയിലാണ് ഇരുവരും ക്യാമറയിൽ പതിഞ്ഞത്.
അന്താരാഷ്‌ട്ര നാണയനിധി മേധാവി ക്രിസ്റ്റലീന ജോർജീവയ്‌ക്കും ഹൃദ്യമായ സ്വീകരണമാണ് ഇന്ത്യ നൽകിയത്. രണ്ടുപേരും പരസ്പരം സംസാരിച്ച് ചിരിക്കുന്ന ചിത്രവും ശ്രദ്ധ നേടുന്നു.
Comments