ഭോപ്പാൽ: ജി20 വിജയം ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് പുതിയ പദ്ധതി നടപ്പിലാക്കുന്നതോടെ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങളും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്ധ്യപ്രദേശിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘സ്വാതന്ത്ര്യത്തിന്റെ അമൃത് കാല വേളയിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാൻ ഓരോ ഇന്ത്യക്കാരനും ദൃഢനിശ്ചയം എടുത്തിരിക്കുകയാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യ’ആത്മനിർഭർ ഭാരതം ആകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യ എങ്ങനെയാണ് ജി20 ഉച്ചകോടി വിജയകരമായി നടത്തിയതെന്ന് രാജ്യം കണ്ടതാണ്. ജി20 ഉച്ചകോടിയുടെ വിജയത്തിന്റെ ക്രെഡിറ്റ് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കുമാണ്. രാജ്യത്തിലെ ജനങ്ങളുടെ നന്മയ്ക്കായാണ് കേന്ദ്രസർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നത്’അദ്ദേഹം പറഞ്ഞു.
മദ്ധ്യപ്രദേശിൽ ഇന്ന് ഉദ്ഘാടനം ചെയ്ത് പുതിയ പദ്ധതികൾ വ്യവസായ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. ഈ പദ്ധതികൾ അത്യാധുനിക പെട്രോകെമിക്കൽ കോംപ്ലക്സ് ബിനയ്ക്ക് പുതിയ ഉത്തേജനം നൽകും. ഇതോടെ പുതിയ വ്യവസായങ്ങൾ വരികയും യുവാക്കൾക്ക് തൊഴിലവസരങ്ങളും ലഭ്യമാകുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും ജീർണിച്ച സംസ്ഥാനങ്ങളിൽ ഒന്നായി മദ്ധ്യപ്രദേശിനെ കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ സംസ്ഥാനം ഇന്ന് അങ്ങനെയല്ല. പുതിയ പദ്ധതികൾ സംസ്ഥാനത്തിന്റെ വികസനത്തിന് ഊർജ്ജം പകരുകയാണ്. സംസ്ഥാനത്തെ ജനങ്ങളെ കാണാൻ അവസരം നൽകിയതിന് ശിവരാജ് സിംഗ് ചൗഹാനോടും സർക്കാരിനോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments