ഭാരതം അഭിമാന തേരിലേറി ജൈത്രയാത്ര തുടരുകയാണ്. ലോകത്ത് ഒരു രാജ്യവും കൈവരിക്കാത്ത നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ സൂര്യനിലേക്കും ഭാരതം പേടകത്തെ വിജയകരമായി വിക്ഷേപിച്ചു. 5,000 കിലോമീറ്റര്‍ അകലെ നിന്നുള്ള വിവരങ്ങള്‍ പങ്കുവെച്ച് ദൗത്യത്തിന്റെ പച്ചക്കൊടി വീശിയിരിക്കുകയാണ് ആദിത്യ എല്‍-1. ഇതിന് പിന്നാലെ രാജ്യത്തിന്റെ സ്വപ്ന ദൗത്യമാകാനൊരുങ്ങുകയാണ് ഗഗന്യാന്. ഒക്ടോബറില്‍ ഗഗന്‍യാന്റെ ആളില്ലാ പേടകത്തിന്റെ വിക്ഷേപണമുണ്ടാകുമെന്നാണ് സൂചന.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ നിര്‍മ്മിച്ച പേടകം വിക്ഷേപണത്തിനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ വിപണിയിലെ രണ്ട് സുപ്രധാന ഓഹരികള്‍ക്കും ഇത് വിജയമാണ്. നിസംശയം പറയാം ഓഹരി വിപണിയിലെ താരമായിരിക്കും ഇവർ. കാരണമെന്താണെന്നോ?? ഗഗന്യാന് ദൗത്യത്തിന് സംഭവാന ചെയ്തവരില്‍ പ്രധാനികളാണ് ടാറ്റ എല്‍ക്സിയും മിധാനിയും എല്‍ ആന്റ് ടിയും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ മുന്നേറ്റത്തിനാണ് ലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
ടാറ്റാ എല്‍ക്സി: ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനിയാണ് ടാറ്റാ എല്‍ക്സി. ഗഗന്യാന് ദൗത്യത്തിനായുള്ള റിക്കവറി ടീം പരിശീലനത്തിനായി രണ്ട് ക്രൂ മൊഡ്യൂള്‍ റിക്കവറി മോഡലുകള്‍ (CMRMs) രൂപകല്‍പ്പന ചെയ്തത് ഈ കമ്പനിയാണ്. മെക്കാനിക്കല്‍ ഡിസൈനിംഗിനും എഞ്ചിനീയറിംഗ് മോഡലിംഗിനുമായി ആദ്യമായാണ് ഇസ്രോ വ്യവസായ കമ്പനിയെ പങ്കാളിയാക്കുന്നത്. ക്രൂ മൊഡ്യൂള്‍ ബഹിരാകാശത്തേക്ക് പോകുകയും പിന്നീട് ക്രൂവിനെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്ന സംവിധാനമാണ് ടാറ്റാ എല്‍ക്സി നിര്‍മ്മിച്ച് നല്‍കിയതെന്ന് കമ്പനി ബിസിനസ് ഹെഡും ഡിസൈന്‍ & ഇന്നൊവേഷന് ജിഎമ്മുമായ ആദിത്യ എസ് ചിക്കോഡി പറഞ്ഞു.
മിശ്ര ധാതു നിഗം (മിധാനി): ഗഗന്യാന് ദൗത്യത്തിന് കാര്യമായ സംഭാവന നല്കിയ കമ്പനിയാണ് മിധാനിയും. ലോഹങ്ങളുടെയും ലോഹസങ്കലനങ്ങളുടെയും നിര്‍മ്മാണ കേന്ദ്രമാണ് മിധാനി. സര്‍ക്കാരിന്റെ പിന്തുണയുള്ള മിധാനിയാണ് ദൗത്യത്തിന് ആവശ്യമായ അലോയയും ടൈറ്റാനിയം-31 -ഉം വിന്യസിച്ചിരിക്കുന്നത്.
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (L&T): ഗഗന്യാന് ദൗത്യത്തില്‍ എല്‍ ആന്‍ഡ് ടിയും പങ്കാളിയാണ്. ഗഗന്‍യാന്റെ ലോഞ്ച് വെഹിക്കിളിന്റെ ആദ്യത്തെ ഹാര്‍ഡ് വെയറായ ബൂസ്റ്റര്‍ സെഗ്മെന്റ് നിര്‍മ്മിച്ച് നല്‍കിയത് എല്‍ ആന്റ് ടി ആയിരുന്നു. ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമിനെ (എച്ച്എസ്എഫ്പി) ശക്തിപ്പെടുത്തുന്നതില്‍ എല്‍ ആന്‍ഡ് ടി നിര്‍ണായക പങ്ക് വഹിക്കുന്നു. ഏകദേശം അഞ്ച് പതിറ്റാണ്ടായി ഐഎസ്ആര്‍ഒയുടെ വിശ്വസ്ത പങ്കാളിയായ എല്‍ ആന്‍ഡ് ടി ചന്ദ്രയാന്‍, മംഗള്യാന് ഉള്‍പ്പടെയുള്ള ദൗത്യങ്ങള്‍ക്കായി ഹാര്ഡ്വെയര് ശ്രേണിയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
Comments