കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ ശക്തമായ മഴ. തലനാട് വെള്ളാനിയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വിവിധയിടങ്ങളിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് റബ്ബർ മെഷീൻപുര ഒഴുകിപ്പോയി. റോഡിൽ മുഴുവനും കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. നിലവിൽ വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.
കനത്ത മഴയെ തുടർന്ന് വാഗമണ്ണിലേക്കുള്ള റോഡിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. തീക്കോയി, അടുക്കം, ഒറ്റയീട്ടി എന്നീ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയർന്നു.