എറണാകുളം: നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരു ലക്ഷം രൂപ പിഴയിട്ട് പോലീസ്. ഓഗസ്റ്റ് ഒന്നിനാണ് ഫോർട്ട്കൊച്ചിയിൽ വച്ച് കാർ പോലീസ് പിടികൂടിയത്. യാതൊരു വിധ രേഖകളും ഇല്ലാതെ മൂന്ന് സംസ്ഥാനങ്ങൾ കടന്ന് കാർ കൊച്ചിയിൽ എത്തിയത് പോലീസ് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു. ഈ കാറിന് അന്ന് 1,03,300 രൂപയാണ് പിഴ ചുമത്തിയത്.
കർണാടകയിൽ നിന്നും തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്. കാർ ഓടിച്ചിരുന്ന ഉടുപ്പി സ്വദേശി റഫ്മത്തുള്ളയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിൽ എത്തിയ ശേഷമാണ് കാർ കേരളത്തിലേക്ക് കടന്നത്. ദേശീയപാതയിൽ ഉടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ ഉൾപ്പെടെ കടന്ന് എങ്ങനെയാണ് കാർ സംസ്ഥാനത്ത് എത്തിയത് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിരുന്നു.
നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ ഒന്നും തന്നെ വാഹനത്തിന് ഉണ്ടായിരുന്നില്ല. ഡ്രൈവർക്കൊപ്പം മറ്റ് രണ്ട് പേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെയും അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.