പിറന്നാൾ ദിനത്തിൽ പുതിയ അപ്‌ഡേറ്റുമായി ഉണ്ണി മുകുന്ദൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗന്ധർവ്വ ജൂനിയറിന്റെ വിശേഷമാണ് താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.’ പാലമരം പൂത്തുതുടങ്ങി, ഗന്ധർവ്വയാമം ആരംഭിക്കാൻ സമയമായി’ എന്നാണ് താരം സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്. യൂട്യൂബിൽ ഗന്ധർവ്വന്മാരുടെ ലോകം (The world of Gandharvas ) എന്ന വീഡിയോയും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം പിറന്നാൾ ദിനത്തിൽ മറ്റൊരു അപ്‌ഡേറ്റും ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേഷിന്റെ ചിത്രീകരണം നവംബർ 10-ന് ആരംഭിക്കുന്നു എന്ന വിശേഷമാണ് താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാദ്യമായിട്ടാണ് രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ ഉണ്ണി നായകനാവുന്നത്. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശേത്സവ ചടങ്ങിലായിരുന്നു നടൻ പുതിയ ചിത്രം പ്രഖ്യാപിച്ചത്.
ടൈറ്റിൽ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ജയ് ഗണേഷ് നിർമ്മിക്കുന്നത്. ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സൂചന.