ചന്ദ്രയാൻ ദൗത്യത്തിന്റ വിജയത്തിന് ശേഷം ഓരോ ഭാരതീയന്റെയും സന്തോഷം ഇരട്ടിയാക്കിയത് ജി20 ഉച്ചകോടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കീർത്തികേട്ട ഇടമായി ഇന്ന് ഭാരത മണ്ഡപം മാറി. സെൽഫികളെടുത്തും ഫോട്ടോകൾ പങ്കുവെച്ചും ജനങ്ങൾ ഭാരത് മണ്ഡപത്തിനെ ആഘോഷമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 105-ാമത് മൻ കി ബാത്തിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഒന്നാകെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചന്ദ്രയാൻ-3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വീക്ഷിച്ചത് 80 ലക്ഷം പേരാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നിലം തൊട്ട സുദിനത്തെ ‘ ദേശീയ ബഹിരാകാശ ദിനമായി’ അടയാളപ്പെടുത്തി. കോടിക്കണക്കിന് ജനങ്ങളാണ് ഇന്ത്യയുടെ അഭിമാന ദൗത്യം അതിസങ്കീർണമായ ലാൻഡിംഗ് നടത്തിയത് വീക്ഷിച്ചത്. ഇസ്രോയുടെ യൂട്യൂബ് ലൈവ് ചാനലിൽ മാത്രം 80 ലക്ഷത്തോളം പേരാണ് ഇത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ലോകത്തിന് മുന്നിൽ നെഞ്ച് വിടർത്തി നിൽക്കുന്നതിനിടെയിലാണ് ദക്ഷിണേഷ്യയിലെ ആദ്യത്തെ ജി20 ഉച്ചകോടിക്ക് ഭാരതം സാക്ഷ്യം വഹിച്ചത്. ജി20-യുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളം നീണ്ട പരിപാടികളാണ് രാജ്യത്ത് നടത്തിയത്. ജി20 അദ്ധ്യക്ഷ പദവി വഹിച്ച സമയത്ത് രാജ്യത്തെ യുവാക്കൾ വഹിച്ച പങ്കിനെ അടയാളപ്പെടുത്തുന്നതിനായി ‘ ജി20 യൂണിവേഴ്‌സിറ്റി കണക്ട് പ്രോഗ്രാം’ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഐടികൾ, ഐഐഎമ്മുകൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും യുവാക്കളും പരിപാടിയിൽ പങ്കെടുക്കും.