പത്തനംതിട്ട: വാരാന്ത്യങ്ങളിൽ പൊതുഇടങ്ങളിൽ മദ്യപരായ വിവിധഭാഷ തൊഴിലാളികളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടും പത്തനംതിട്ട നഗരത്തിൽ മദ്യപിച്ചെത്തിയ വിവിധഭാഷ തൊഴിലാളികൾ പൊതുസ്ഥലത്തുവെച്ച് ഏറ്റുമുട്ടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്നുണ്ടായ തമ്മിലടിയിൽ ഒരാൾ അടിയേറ്റ് റോഡിൽവീഴുകയുമായിരുന്നു.
തുടർന്ന് കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാനായി തോളിലേറ്റി കൊണ്ടുപോയി. ഇയാളും മദ്യലഹരിയിലായിരുന്നതിനാൽ അധിക ദൂരം നടക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ തോളിലുണ്ടായിരുന്നയാൾ റോഡിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറയുന്നു.
പരിക്കേറ്റയാൾ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയശേഷം ആശുപത്രി വിടുകയും ചെയ്തു. രണ്ടുമാസം മുൻപും പത്തനംതിട്ട നഗരത്തിൽ വിവിധഭാഷ തൊഴിലാളികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാരന്ത്യങ്ങളിൽ ഇത്തരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ മദ്യപിച്ച് സംഘർഷത്തിൽ ഏർപ്പെടുന്നത് സ്ഥിരമായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.