ഹൈദരാബാദിലെ പ്രസിദ്ധമായ ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കങ്കണ റണാവത്ത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും നടൻ രാഘവ ലോറൻസിനും ഒപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെ പ്രത്യേക പൂജകളിലും കങ്കണ റണാവത്ത് പങ്കെടുത്തു. ക്ഷേത്രത്തിന് മുന്നിൽ വെച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം ഫോട്ടോയും എടുത്താണ് നടി മടങ്ങിയത്.
കങ്കണ തന്നെയാണ് ഇന്നലെ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പിങ്ക് ചുരിദാർ ധരിച്ച്, പച്ച നിറത്തിലുള്ള ദുപ്പട്ടയുമാണ് നടിയുടെ വേഷം. ”ഞങ്ങളുടെ വരാനിരിക്കുന്ന ചന്ദ്രമുഖി 2ന്റെ വിജയത്തിനായി അനുഗ്രഹം തേടാൻ എന്റെ സഹപ്രവർത്തകർക്കൊപ്പം ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രത്തിൽ ദർശനം നടത്തി.” എന്നാണ് നടി ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്.”ചിത്രത്തിനും വിഡിയോയ്‌ക്കും താഴെ നിരവധി ആരാധകരാണ് ആശംസ അറിയിച്ചെത്തിയത്
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗമാണ് ചന്ദ്രമുഖി 2. ഇതിൽ ചന്ദ്രമുഖിയായി കങ്കണ റണാവത്താണ് വേഷമിടുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രം. സിംഹവാഹിനിയായാണ് ഇവിടെ ദേവിയുടെ പ്രതിഷ്ഠ. ഏകദേശം 150 വർഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. നവരാത്രി ആഘോഷങ്ങൾ ഇവിടെ പ്രധാനമാണ്. മഹാകാളിയെ ആരാധിക്കുന്ന ബൊണാലു എന്ന ഉത്സവ സമയങ്ങളിൽ വളരെ പ്രസിദ്ധമാണ് ഈ ക്ഷേത്രം.