പത്തനംതിട്ട; സോളാര്‍ ഗൂഢാലോചന കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയിലാണ് എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്പറായി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അടുത്ത മാസം 18-ന് ഗണേഷ് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയയ്ക്കും. ഹര്‍ജിക്ക് എതിരെയുള്ള ഹൈക്കോടതിയുടെ സ്റ്റേ അവസാനിച്ച സാഹചര്യത്തിലാണ് വിഷയം കോടതി വീണ്ടും പരിഗണിച്ചത്. ഗണേഷ് കുമാറും പരാതിക്കാരിയും ഇന്ന് ഹാജരായിരുന്നില്ല.
ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അടക്കം തെളിവുകള്‍ വാദി ഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 14 പേര് മൊഴി നല്കി. സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി.ഗണേഷ്കുമാറും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടര്‍ നടപടികള്‍ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തത്. പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ കത്തില്‍ 21 പേജ് ഉണ്ടായിരുന്നെന്നും പിന്നീട് നാല് പേജ് കൂട്ടി ചേര്‍ത്ത് 25 പേജാക്കിയാണ് ജുഡീഷ്യല്‍ കമ്മിഷന് നല്‍കിയതെന്നും നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കാട്ടി അഡ്വ. സുധീര്‍ ജേക്കബ്, അഡ്വ.ജോളി അലക്സ് മുഖേന ഫയല്‍ ചെയ്തതാണ് കേസ്.
സോളാര്‍ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തതാണെന്ന് സി.ബി.ഐയും കണ്ടെത്തിയതോടെയാണ് ഇടവേളക്കുശേഷം കേസ് വീണ്ടും ചര്‍ച്ചയായത്. ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍ കെ.ബി. ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.