തലയോലപ്പറമ്പ്: തലയോലപ്പറമ്പിലെ സ്വകാര്യപണമിടപാട് സ്ഥാപനത്തിൽനിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്ന് സിപിഎം. കൃഷ്‌ണേന്ദു, ഭർത്താവ് അനന്ദു ഉണ്ണി എന്നിവരെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരാഴ്ച മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നുവെന്ന് സിപിഎം കോട്ടയം ജില്ലാസെക്രട്ടറി എ.വി. റസ്സൽ പറഞ്ഞു. കൃഷ്‌ണേന്ദു ഡി.വൈ.എഫ്.ഐ. തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും അനന്തു ഉണ്ണി സി.പി.എം. തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റിയംഗവുമാണ്. തട്ടിപ്പിൽ അനന്തുവിന് എതിരേ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ഒന്നാംപ്രതി കൃഷ്‌ണേന്ദു (27), രണ്ടാംപ്രതി ദേവിപ്രജിത്ത്(35) എന്നിവരുമായി ബന്ധപ്പെട്ടവരെയും ഇവർ പണം ഇട്ടുകൊടുത്ത അക്കൗണ്ട് ഉടമകളെയും തലയോലപ്പറമ്പ് പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. സ്ഥാപനത്തിലെ രജിസ്റ്ററും മറ്റും ഡിജിറ്റൽ രേഖകളും പരിശോധിച്ച് പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു. തട്ടിപ്പ് നടത്തിയ മൂവരും ഒളിവിലാണ്. 2023 ഏപ്രിൽ മുതൽ ഉപഭോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ജീവനക്കാരായ കൃഷ്‌ണേന്ദുവും ദേവിപ്രജിത്തും അടച്ചിട്ടില്ല.
55 പണയ ഉരുപ്പടികളിൽ ക്രമക്കേടുനടത്തിയാണ് 19 പേരിൽ നിന്ന് 42.72 ലക്ഷം രൂപ കൃഷേണേന്ദു തട്ടിയെടുത്തത്. കൃഷ്‌ണേന്ദു, അനന്തു ഉണ്ണി, അനന്തുവിന്റെ പിതാവ് ഉണ്ണി എന്നിവരുടെ പേരിൽ പണയ ഉരുപ്പടി ഇല്ലാതെ 13 തവണ സ്വർണം പണയംവെച്ചതായി ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറകൾക്ക് കേടുവരുത്തിയും തെളിവുകൾ നശിപ്പിച്ചുമാണ് ഇവർ തട്ടിപ്പ് നടത്തിയത്.
നാളുകൾക്ക് മുമ്പേ കൃഷ്‌ണേന്ദുവിന്റെയും അനന്തു ഉണ്ണിയുടെയും തെറ്റായ സാമ്പത്തിക ഇടപാടിനെക്കുറിച്ച് സിപിഎമ്മിന് വിവരം ലഭിച്ചിരുന്നു. പാർട്ടി കമ്മീഷനെ വച്ച് നടത്തിയ അന്വേഷണത്തിൽ ഇത് തെളിയുകയും ചെയ്തു. എന്നാൽ, പോലീസിൽ അറിയിക്കാനോ നിയമനടപടി സ്വീകരിക്കാനോ സിപിഎം നേതൃത്വം തയ്യാറായില്ല. അനന്തു ഉണ്ണിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസ് പാർട്ടി ഇടപെട്ട് പരിഹരിച്ചിരുന്നു.















