ഒരിടവേളയ്‌ക്ക് ശേഷം തെന്നിന്ത്യയിലെ സൂപ്പർനടി അനുഷ്‌ക ഷെട്ടി പ്രധാന കഥാപാത്രമായിയെത്തിയ ചിത്രമാണ് ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’. ഏറെ ആരാധകരുള്ള നടിയുടെ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ‘മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി’ 50 കോടി ക്ലബിലെത്തിയിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് പി. മഹേഷ് ബാബുവാണ്. യുവി ക്രിയേഷൻസാണ് നിർമ്മാണം. ചിത്രത്തിന്റെ ബജറ്റ് വെറും 12.5 കോടി രൂപയായിരുന്നു. ഇപ്പോൾ 50 കോടി ക്ലബിലെത്തി നിൽക്കുമ്പോൾ വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ് മിസ് ഷെട്ടി മിസ്റ്റർ പൊലിഷെട്ടി.
ഷാരൂഖ് ചിത്രം ജവാന്റെ റിലീസിനൊപ്പമാണ് ഈ ചിത്രവും പ്രദർശനത്തിന് എത്തിയത്. എന്നിട്ടും തളരാതെ 50 കോടി ക്ലബിൽ ഇടം നേടി എന്നത് വിജയത്തിന്റെ മധുരം ഇരട്ടിയാക്കുന്നു. അനുഷ്‌ക-നവീൻ എന്നിവരുടെ കെമിസ്ട്രി വർക്കായതാണ് ചിത്രം വൻ വിജയമായി മാറാൻ കാരണം.
അതേസമയം അനുഷ്‌ക ഷെട്ടി നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു ‘നിശബ്ദം’. ഹേമന്ത് മധുകർ ആണ് ചിത്രം ഒരുക്കിയത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്ദമെന്ന’ ചിത്രത്തിൽ അവതരിപ്പിച്ച നടിയ്‌ക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറെ പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‌ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തിൽ പ്രാധാന്യം ഉണ്ടായിരുന്നത്.